തൃശൂര്‍: ജൂഡോയില്‍ രണ്ട് വെങ്കലങ്ങള്‍ കേരളത്തിന്റെ കിറ്റിയിലെത്തി. വനിതകളില്‍ പി.ആര്. അശ്വതിയും പുരുഷന്മാരില് മാര്ബിന് ബെന്നിയുമാണ് ആതിഥേയര്‍ക്കുവേണ്ടി ചരിത്രം രചിച്ചത്.
48 കിലോ വിഭാഗത്തില്‍ ഉത്തരാഖണ്ഡിന്റെ സവിത ഗുറങ്ങിയെ അശ്വതി തോല്‍വിയുടെ കയ്പ്പുനീര് കുടിപ്പിച്ചപ്പോള്‍ 73 കിലോ വിഭാഗത്തില്‍ മാര്ബിന് ബെന്നി പഞ്ചാബിന്റെ കമല്‍ജിത്ത് സിംഗിന്റെ വെല്ലുവിളിക്ക് വിരാമമിട്ടു.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തിന്റെ ജൂഡോ താരങ്ങള്‍ ദേശീയ ഗെയിംസില്‍ പങ്കെടുത്തത്. 14 പേര് ജൂഡോയില്‍ കേരളത്തെ പ്രതിനിധീകരിക്കുന്നുണ്ട്.
ഇടുക്കി സ്വദേശി പുതുപ്പറമ്പില്‍ രാജന്റെയും സില്‍വിയുടെയും മൂന്നാമത്തെ മകളാണ് അശ്വതി.
തൃശ്ശൂര്‍ വിമല കോളേജില്‍ ബിഎ സോഷ്യോളജി രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അശ്വതി കായിക കേരളത്തിന്റെ പ്രധാന പ്രതീക്ഷകളിലൊന്നാണ്. ദേശീയ തലത്തില്‍ നിരവധി മെഡലുകള്‍ കൊയ്തിട്ടുണ്ട്.
















