തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളത്തിനായി മത്സരിക്കുന്ന വുഷു ടീം പോരാടാനിറങ്ങുന്നത് അവഗണനകളുടെ ഇടയില്‍ നിന്ന്. യുദ്ധകലയെന്ന് മലയാളത്തില്‍ അറിയപ്പെടുന്ന കലയാണ് വുഷു. പേരുപോലെ തന്നെ അവഗണനകള്‍ക്കെതിരെ പടപൊരുതിയാണ് കേരള ടീം മത്സരത്തിനായി ഇറങ്ങുന്നത്.
വുഷുവിനെ ഒളിമ്പിക്‌സും ഏഷ്യന്‍ ഗയിസും സ്‌കൂള്‍ ഗയിംസും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും അംഗീകരിച്ചിട്ടും കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ദേശീയ ഗെയിംസിനായുള്ള പരിശീലനംപോലും അവഗണനകളുടെ നടുവിലായിരുന്നു.
വുഷുവിന്റെ പ്രധാന സംഘാടകരില്‍ പോലും മലയാളികള്‍ നിരവധിയാണ്. വുഷു അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വൈസ്പ്രസിഡന്റ് റിട്ട. ഐജി വി. ശാന്താറാമാണ്. കൂടാതെ ദക്ഷിണേന്ത്യയിലെ ഏക ‘എ’ ഗ്രേഡ് വിധാകര്‍ത്താവ് സി.പി. ആരിഫ് പാലാഴി, വുഷു അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കമ്മറ്റി അംഗം എസ്.എസ്. സുനില്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഉണ്ടായിട്ടും കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരം നേടാന്‍ ഇതുവരെയും ശ്രമിച്ചിട്ടില്ല.
അതുകൊണ്ടുതന്നെ പരിശീലനത്തിനായി ഒരുക്കിയ സൗകര്യങ്ങളും പരിമിതമായിരുന്നു. നാഷണല്‍ ഗെയിംസിനായി 3 മാസത്തെ വുഷുപരിശീലന ക്യാമ്പ് നല്‍കിയത് ശംഖുമുഖം ബീച്ചിലും ജി.വി.രാജ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നു. അതും മറ്റെല്ലാ വിഭാഗങ്ങളുടേയും ഊഴം കഴിഞ്ഞശേഷം ഒന്നോരണ്ടോ മണിക്കൂറുകള്‍ മാത്രം.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം പരിശീലനത്തിനിറങ്ങിയ പല താരങ്ങള്‍ക്കും കാലിനും കൈയ്‌ക്കും പരിക്കുകളേറ്റു.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് എത്തുമെന്ന് പറഞ്ഞ മാറ്റ് എത്തിയത് മത്സരത്തിന് മൂന്ന് ദിവസം മുമ്പ്. ഇതോടെ യഥാര്‍ത്ഥ മാറ്റില്‍ പരിശീലനം നടത്താന്‍ താരങ്ങള്‍ക്ക് അവസരം ലഭിച്ചത് രണ്ട് ദിവസം മാത്രം. മത്സരത്തിനുള്ള ഉപകരണങ്ങളെല്ലാം മണിപ്പൂരില്‍ നിന്നും ഹിമാചല്‍ പ്രദേശില്‍ നിന്നുമെല്ലാം താരങ്ങള്‍ തന്നെ വിലകൊടുത്തുവാങ്ങേണ്ടി വന്നു. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്കും കായികതാരങ്ങള്‍ക്കും അത് വലിയൊരു ബാദ്ധ്യതയായി മാറി.
യഥാര്‍ത്ഥ മാറ്റില്‍ പരിശീലനം ലഭിക്കാത്തതിനാല്‍ കായികതാരങ്ങള്‍ക്ക് മിന്നുന്ന പ്രകടനം കാഴ്ചവയ്‌ക്കാനായില്ല. ദേശീയതലത്തില്‍ മെഡലുകള്‍ നേടീയിട്ടുള്ള കായികതാരങ്ങള്‍ക്കുപോലും പലപ്പോഴും മത്സരത്തിനിടെ അടിതെറ്റി.
സ്‌കൂള്‍ ഗെയിംസിലും സബ്ജൂനിയര്‍, ജൂനിയര്‍, ഫെഡറേഷന്‍ മത്സരങ്ങൡും എല്ലാം ഈ കായികതാരങ്ങള്‍ കേരളത്തിനുവേണ്ടി മെഡല്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും കണ്ടില്ലെന്നു നടിച്ച സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്ക് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ഈ കായികതാരങ്ങള്‍. പക്ഷേ സര്‍ക്കാരിന്റെ അനാസ്ഥയ്‌ക്കുമുന്നില്‍ ഈ കായിക താരങ്ങള്‍ പകച്ചു നില്‍ക്കുകയാണ്.
















