തിരുവനന്തപുരം: കേരളത്തിന്റെ പെണ്‍കരുത്തിന് ഇന്നലെ പൊന്‍തിളക്കത്തിന്റെ ദിനമായിരുന്നു. കാര്യവട്ടം എല്‍എന്‍സിപിഇയില്‍ നടന്ന വനിതകളുടെ 10 കിലോമീറ്റര്‍ സൈക്ലിംഗ് സ്ക്രാച്ച് റൈസ് വിഭാഗത്തില്‍ സ്വര്‍ണ്ണവും വെള്ളിയും വെങ്കലവുമടക്കം എല്ലാ മെഡലുകളും മലയാളി പെണ്‍കൊടികള്‍ തൂത്തുവാരി. വെലോഡ്രാമിലെ ട്രാക്കിലൂടെ സൈക്കിള്‍ ചീറിപായിച്ച് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ മണിപ്പൂരിനെയും പഞ്ചാബിനെയും കേരളത്തിന്റെ മിടുമിടുക്കികള്‍ നാലാം സ്ഥാനത്തേക്ക് പായിച്ചു.
20മിനിട്ട് 15.097 സെക്കന്റ് കൊണ്ടാണ് 10 കിലോമീറ്റര്‍ ട്രാക്ക് റൈഡില്‍ കേരളത്തിന്റെ മഹിതാ മോഹന്‍ സ്വര്‍ണ്ണം നേടിയത്. റോഡ് റൈഡില്‍ സ്വര്‍ണ്ണം നേടിയ കേരളത്തിന്റെ വി.രജനി നേരിയ വ്യത്യാസത്തില്‍ വെള്ളിമെഡല്‍ ജേതാവായി. മഹിത ഇടുക്കി മൂവാറ്റുപുഴ സ്വദേശിനിയും രജനി തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയുമാണ്. നെടുമങ്ങാട് മഞ്ച വെള്ളൂര്‍കോണം ജാസ്മിന് മന്‍സിലില്‍ എസ്.ബിസ്മിയാണ് വെങ്കലമെഡല്‍ സ്വന്തമാക്കിയത്.
പുരുഷന്മാരുടെ 15 കിലോമീറ്റര്‍ സ്ക്രാച്ച് റെയ്ഡില്‍ കേരളം ദയനീയ പരാജയമായി. കാണികളെ നിരാശരാക്കി കേരളതാരങ്ങളുടെ സൈക്കിള്‍ റൈഡ് ട്രാക്കിലൂടെ നീങ്ങിയപ്പോള്‍ കരഘോഷം മുഴക്കി പ്രോത്സാഹിപ്പിക്കാന്‍ പോലും ജനം മറന്നു. സര്‍വ്വീസസിലെ സത്ബീര്സിംഗ് 21 മിനിട്ടും 31.514 സെക്കന്റില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണ്ണം നേടി. 21 മിനിട്ട് 31.644 സെക്കന്റില്‍ ഫിനിഷിംഗ് പോയിന്റിലെത്തിയ തമിഴ്നാടിന്റെ സി.രാജേഷിനാണ് വെള്ളി. റോഡ് റൈഡില്‍ സ്വര്‍ണ്ണം നേടിയ ഹരിയാനയുടെ പങ്കജ്കുമാര്‍ 21 മിനിട്ട് 31.842 സെക്കന്റില്‍ സൈക്ലിംഗ് പൂര്‍ത്തിയാക്കി വെങ്കലം കരസ്ഥമാക്കി.
















