തൃശൂര്‍: ബോക്സിങ് റിങ്ങില്‍ കേരളം ഇന്നലെ രണ്ട് മെഡലുകള്‍ ഉറപ്പിച്ചു. വനിതകളുടെ 51 കിലോ വിഭാഗത്തില്‍ അല്‍ഫോണ്‍സ മരിയ തോമസും പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തില്‍ കുല്‍വിന്ദറും സെമിയിലെത്തി.
ജാര്‍ഖണ്ഢിന്റെ ജ്യോതി മുനാരിയെയാണ് അല്‍ഫോണ്‍സ ക്വാര്‍ട്ടറില്‍ തറപറ്റിച്ചത്. ആദ്യ റൗണ്ടു മുതലെ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ അല്‍ഫോണ്‍സ 16-4 എന്ന ഉഗ്രന്‍ മുന്‍തൂക്കം കരസ്ഥമാക്കി. ഇത് പിന്നീട് എതിരാളിയെ പാടെ തളര്‍ത്തുന്ന തരത്തിലേക്ക് നീങ്ങി.
രണ്ടാം റൗണ്ടില്‍ 8-2, മൂന്നാം വട്ടത്തില്‍ 9-5, നാലില്‍ 10-4 എന്നിങ്ങനെയായിരുന്നു തുടര്‍ന്നുള്ള സ്കോര്‍ നില. ഏറെക്കുറെ ഏകപക്ഷിയമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒഡീഷയുടെ അബ്ദുള്‍ റഹ്മാനെ 24-6 സ്കോറിന് നിലംപരിശാക്കിയായിരുന്നു കുല്‍വിന്ദറിന്റെ പ്രയാണം. ദേശീയ ഗെയിംസില്‍ ഇത് ആറാം തവണയാണ് കുല്‍വിന്ദര്‍ കേരളത്തെ പ്രതിനിധീകരിക്കുന്നത്.
മത്സരം തുടങ്ങിയതു മുതല്‍ കുല്‍വിന്ദര്‍ കളംനിറഞ്ഞു പോരാടി. കുല്‍വിന്ദറിന്റെ ഒന്നാം റൗണ്ട് ലീഡ് 8-3 ആയിരുന്നു. രണ്ടാം റൗണ്ടിലും കുല്‍വിന്ദര്‍ ചടുല നീക്കങ്ങള്‍ പുറത്തെടുത്തു, ഇത്തവണത്തെ ലീഡ് നില- 9-2. അവസാന റൗണ്ടില്‍ 7-1 എന്ന ഭീമന് മുന്‍തൂക്കവും പിടിച്ചെടുത്ത് കുല്‍വിന്ദര്‍ എതിരാളിയെ ചിത്രത്തില്‍ നിന്നു മായ്ച്ചുകളഞ്ഞു.
















