തൃശൂര്‍: നിലവിലെ ചാമ്പ്യന്‍മാരായ ഒഡീഷയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് മണിപ്പൂര്‍ ദേശിയ ഗെയിംസ് വനിതാ ഫുട്‌ബോളില്‍ സ്വര്‍ണ്ണമണിഞ്ഞു (5-3). നിശ്ചിത, അധിക സമയങ്ങളില്‍ ഇരു ടീമുകളും ഒരോ ഗോളടിച്ച് തുല്യത പാലിച്ചു.
ഷൂട്ടൗട്ടില്‍ രചിത മാലിക്കിന്റെയും സുപ്പവസ മാലിന്റെയും കിക്കുകള്‍ തടഞ്ഞ ഗോളി പന്തോയി ചാനുവാണ് മണിപ്പൂരിന് അവിസ്മരണീയ ജയമൊരുക്കിയത്. മണിപ്പൂരിന്റെ ബെംബെം ദേവി, ബാലദേവി, പ്രേമേശ്വരിദേവി, ടാങ്മി ഗ്രേയ്‌സ് എന്നിവര്‍ പിഴയ്‌ക്കാതെ കിക്കെടുത്തു.
കളി തുടങ്ങിയ ആദ്യ മിനിറ്റ് മുതല്‍ ഒഡീഷയുടെ ഗോള്‍ മുഖത്തേക്ക് തുടര്‍ച്ചയായി ഇരച്ചുകയറിയ മണിപ്പൂര്‍ മികച്ച ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും ഫലംകൊയ്യാന്‍ സാധിച്ചില്ല. കടുത്ത പ്രതിരോധ തന്ത്രങ്ങളിലൂടെയാണ് ഒഡീഷ എതിരാളികളെ നേരിട്ടത്.
ആദ്യ പത്ത് മിനിറ്റില്‍ മണിപ്പൂരിന്റെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. ഗോളടിക്കാനുള്ള വ്യഗ്രതയ്‌ക്കിടെ ഡിഫന്‍സിലെ ദൗത്യം മറന്ന മണിപ്പൂരിന്റെ പിഴവ് മുതലെടുത്ത ഒഡീഷയാണ് കളിയില്‍ അപ്രതീക്ഷിത ലീഡെടുത്തത്. സസ്മിത മാലിക്ക് തുടക്കമിട്ട നീക്കത്തിനൊടുവില്‍ പിങ്കി ബോംപാല്‍ മഗര്‍ മണിപ്പൂരിന്റെ വലകുലുക്കി (1-0). അതോടെ മണിപ്പൂരിപ്പട ആക്രമണത്തിന്റെ മൂര്‍ച്ചകൂട്ടി. അതിനു ഫലവും ലഭിച്ചു. 19-ാംമിനിറ്റില്‍ ഡാന്‍ഗിമിയ് ഗ്രേസിന്റെ ക്രോസിന് ഹെഡ്ഡറിലൂടെ പൂര്‍ണതയേകി എന്‍.ജി. ബാലാദേവി മണിപ്പൂരിനെ ഒപ്പമെത്തിച്ചു (1-1).
രണ്ടാം പകുതിയില്‍ ഒഡീഷയും നല്ല നീക്കങ്ങള്‍ മെനഞ്ഞതോടെ കളി ആവേശകരമായി. മണിപ്പൂരും ഗോള്‍ മോഹത്തോടെ തന്നെ പന്തുതട്ടി. എന്നാല്‍ ലക്ഷ്യം കാണുന്നതില്‍ ഇരു ടീമുകളും വിജയിച്ചില്ല. മണിപ്പൂര്‍ നിരയില്‍ ബാലദേവിയും ഡാങ്മി ഗ്രേയിസും നിരവധി അവസരങ്ങള്‍ പാഴാക്കി. ഗോളെന്നുറച്ച മൂന്നു ്യൂനീക്കങ്ങള്‍ ഒഡീഷ ഗോളി ടികിസമാലില്‍ രക്ഷപ്പെടുത്തുന്നതിനും ഗ്യാലറി സാക്ഷിയായി. ഒഡീഷയും ചില ഗോള്‍ സാധ്യതകള്‍ തുറന്നെടുത്തു. അധിക സമയത്ത് രണ്ടു ടീമുകളും നല്ല മുന്നേറ്റങ്ങള്‍ നടത്തി കാണികളുടെ കയ്യടി വാങ്ങി.
രാവിലെ നടന്ന വെങ്കല മെഡല്‍ പ്ലേ ഓഫില്‍ ഹരിയാന മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കേരളത്തെ തകര്‍ത്തു. എക്‌സ്ട്രാ ടൈമില്‍ സഞ്ചു യാദവും കവിതാ യാദവുമാണ് ഹരിയാനയ്‌ക്കുവേണ്ടി ഗോളുകള്‍ നേടിയത്. ആദ്യ പകുതിയില്‍ ലഭിച്ച മൂന്ന് തുറന്ന അവസരങ്ങള്‍ കേരളം പാഴാക്കി. ഇതോടെ വനിതാ ഫുട്‌ബോളില്‍ കന്നി മെഡലെന്ന ആതിഥേയരുടെ മോഹം പൊലിഞ്ഞു.
















