ആലപ്പുഴ: ദേശിയ ഗെയിംസ് കനോയിങ്-കയാക്കിങ് മത്സരങ്ങളില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും കേരളത്തിന് സ്വര്‍ണ്ണം അന്യം. എങ്കിലും പുരുഷ, വനിതാ വിഭാഗങ്ങളിലായി നാലു വെള്ളി മെഡലുകള്‍ തുഴഞ്ഞെടുത്ത ആതിഥേയര്‍ ആരാധകരെ ഏറെക്കുറെ തൃപ്തിപ്പെടുത്തി.
പുരുഷന്മാരുടെ 1000 മീറ്റര്‍ കനോയിങ് ഫോറില്‍ ടി.ബി. ശിവശങ്കര്‍, ടി. സായ്‌മോന്‍ സിങ്, ബി. വിനു, ഹിരണ്‍ കുമാര്‍ എന്നിവരടങ്ങിയ ടീമും വനിതകളുടെ കനോയിങ് സിംഗിള്‍ 1000 മീറ്ററില്‍ നിത്യാ കുര്യാക്കോസും വനിതകളുടെ കയാക്കിങ് ഫോര്‍ 1,000 മീറ്ററില്‍ അനുഷാ ബിജു, മിനിമോള്‍, ശാലുപ്രകാശ്, ടി.എ. നിത്യ എന്നിവര്‍ ചേര്‍ന്ന സംഘവും കനോയിങ് ഡബിള്‍സ് 500 മീറ്ററില്‍ പി. വിനിത, എസ്. ഗോപിക സഖ്യവും രജതത്തിളക്കം സ്വന്തമാക്കി.
കനോയിങ് 1,000 മീറ്റര്‍ ഫോറില്‍ അജിത് കുമാര്‍, ധന്‍ജിത് സിങ്, വീരമുത്തു, മനീഷ് ജഹ്‌വാള്‍ കൂട്ടുകെട്ടിലൂടെ സര്‍വീസസ് സ്വര്‍ണം പിടിച്ചെടുത്തു. നഫീസ് ഖുറേഷിയും അരുണ്‍ നന്ദാളും ബിജിന്ദര്‍ സിങ്ങും അങ്കിത്ത് പച്ചോരിയും തുഴഞ്ഞ മധ്യപ്രദേശിന് വെങ്കലം.
കനോയിങ് സിംഗിള്‍ 1000 മീറ്റര്‍ വനിതകളില്‍ ഇനോച്ചാ ദേവി മധ്യപ്രദേശിനുവേണ്ടി സ്വര്‍ണം കൈപ്പിടിയിലൊതുക്കി. മണിപ്പൂരിന്റെ ക്വായ്‌റക്പം ഇന്ദിര വെങ്കല വേട്ടക്കാരി. വനിതാ വിഭാഗം കയാക്കിങ് ഫോര്‍ 1,000 മീറ്ററില്‍ എം. അരുണാദേവി, സുശീല ചാനു, സോണിയ ദേവി, എ. നാനാവോ ദേവി എന്നിവര്‍ ചേര്‍ന്ന് മധ്യപ്രദേശിനെ ജേതാക്കളാക്കി. മമ്ത ത്രികെയ്, നീലം മിന്‍ജ്, ബൈശാഖി സര്‍ക്കാര്‍ എന്നിവര്‍ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാറിന്റെ അക്കൗണ്ടില്‍ വെങ്കലം എത്തിച്ചുകൊടുത്തു. പുരുഷവിഭാഗം കനോയിങ് ഡബിള്‍സ് 1000 മീറ്ററില്‍ അജിത് കുമാറും രാജു റാവത്തും സര്‍വീസസിന്റെ കനക മോഹങ്ങള്‍ പൂവണിയിച്ചു.
ഗൗരവ് ടോമര്‍, കപില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഉത്തരാഖണ്ഡിനുവേണ്ടി വെള്ളി നേടി. ഒയിനം രാകേഷ് സിങ്, സലാം സുനില്‍ സിങ് എന്നിവര്‍ മണിപ്പൂരിന് വെങ്കലം സമ്മാനിച്ചു. കയാക്കിങ് സിംഗിള്‍സ് 500 മീറ്റര്‍ പുരുഷ വിഭാഗത്തില്‍ എ. ചിങ് ചിങ് സിങ് സര്‍വീസസിനുവേണ്ടി സ്വര്‍ണം കരഗതമാക്കി. മണിപ്പൂരിന്റെ ആരംഭം ജിയാന്‍ജിത് സിങ് വെള്ളിയണിഞ്ഞു. പി. പ്രസാദ് (തെലുങ്കാന) വെങ്കലം കൊയ്തു.
കനോയിങ് ഡബിള്‍സ് 500 മീറ്റര്‍ ഇനോവോച്ച ദേവി-കീര്‍ത്തി കിവാറ്റ് ജോടി മധ്യപ്രദേശിന്റെ പാളയത്തില്‍ തങ്കപ്പതക്കം ചേര്‍ത്തുവച്ചു. മമാ പ്രധാനും ദേവ് കുമാരിയും (ഛത്തീസ്ഗഡ്) വെങ്കലവും നേടി.
















