കോഴിക്കോട്: 35-ാമത് നാഷനല്‍ ഗെയിംസില്‍ ഫുട്ബോള്‍ സ്വര്‍ണ്ണം ഏകപക്ഷീയമായ ഒരു ഗോളിന് പഞ്ചാബിനെ കീഴ്പ്പെടുത്തി മിസോറാം സ്വന്തമാക്കി. കളിയുടെ 83-ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ഡേവിഡ് ലാല്റിന്മുവാനെയുടെ കോര്‍ണര്‍ കിക്ക് 18-ാം നമ്പറുകാരനായ ഇമ്മാനുവല്‍ ലാല്ത്താസുല ഗോളാക്കുകയായിരുന്നു.
നിലവിലെ സന്തോഷ് ട്രോഫി ജേതാക്കളായ മിസോറാം കളിയുടെ തുടക്കം മുതല്‍ ആധിപത്യം നിലനിര്‍ത്തി. അതോടെ കഴിഞ്ഞ ദേശീയ ഗെയിംസില്‍ ബംഗാളിനോട് തോറ്റ പഞ്ചാബ് ചരിത്രം ആവര്‍ത്തിച്ചുകൊണ്ട് രണ്ടാം സ്ഥാനത്തേക്ക്. അധിക സമയമായ നാലു മിനുട്ടുകള്ക്കുള്ളിലും പഞ്ചാബിന് ഒന്നും ചെയ്യാനായില്ല. കുറിയ പാസുകളും വേഗതയേറിയ നീക്കങ്ങളുമായി ഫുട്ബോള്‍ അക്കാദമികളുടെ നാടായ മിസോറാം ദേശീയ ഗെയിംസില്‍ കിരീടം ചൂടുകയായിരുന്നു.
ഫൈനല്‍ പരുക്കന്‍ കളിയുടേതു കൂടിയായിരുന്നു. 64-ാം മിനുട്ടില്‍ പഞ്ചാബിന്റെ സര്‍ബ്ജിത്ത് സിംഗും മിസോറാമിന്റെ ബി. സൊറാംത്രയും കോര്‍ട്ടില്‍ നിന്ന് പുറത്തു പോകേണ്ടിവന്നു. പരസ്പരം വാക്കേറ്റമുണ്ടായതോടെ റഫറി ഇവരെ പുറത്താക്കുകയായിരുന്നു.
ആദ്യ പകുതിയില്‍ മിസോറാമിന്റെ ഏകപക്ഷീയമായ മുന്നേറ്റമാണ് കണ്ടത്. പഞ്ചാബ് പല അവസരങ്ങളും കളഞ്ഞുകുളിച്ചു. പകുതിക്ക് ശേഷം പഞ്ചാബ് ഉണര്‍ന്നുകളിച്ചു. 52-ാം മിനുട്ടില്‍ അജയ് സിംഗ് ഗോളുമായി മുന്നേറി. എന്നാല്‍ മിസോറാം ഗോളി മാത്രം മുന്നില്‍ നില്‍ക്കേ അജയ് സിംഗ് ബോള്‍ അടിച്ചത് ഗോളിയുടെ കയ്യിലേക്ക് തന്നെ. 67-ാം മിനുട്ടില്‍ മിസോറാമിന്റെ ലാല്‍ ഡംബിയയുടെ ചടുലമായ നീക്കം പഞ്ചാബിന്റെ ഗോള്‍കീപ്പര്‍ ജാഗ്രൂബ് സിംഗ് വിഫലമാക്കി. 75 ാം മിനുട്ടില്‍ പഞ്ചാബിന്റെ കുര്ത്തേസിംഗ് നല്കിയ ഹെഡ്ഡര്‍ ഗോളാകുമെന്ന് കരുതിയെങ്കിലും നെല്ലിടക്ക് വിഫലമാവുകയായിരുന്നു.
നേരത്തെ നടന്ന ലൂസേഴ്സ് ഫൈനലില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മഹാരാഷ്ട്ര ഗോവയെ തോല്‍പ്പിച്ച് വെങ്കലം നേടി. മഹാരാഷ്ട്രക്ക് വേണ്ടി മലയാളി താരമായ മുഹമ്മദ് ഇര്‍ഷാദ് 31- ാം മിനുട്ടിലും 44-ാം മിനുട്ടിലും ഗോളുകള്‍ നേടി. 74-ാം മിനുട്ടില്‍ ചാള്‍സ് മിരാന്‍ഡയുടെ പാസ്സില്‍ മാക്രോ യ് പിക്കോടോ ഗോള്‍ മടക്കിയെങ്കിലും വിജയം മഹാരാഷ്ട്രയുടെ പക്ഷത്തായിരൂന്നു. ഷഹബാസ് പഥാനാണ് മഹാരാഷ്ട്രയുടെ മൂന്നാമത് ഗോള്‍ നേടിയത്.
















