കയാക്കിംഗ് ഡബിള്‍ 1000 മീറ്ററില്‍ വനിതാ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ കേരളാ ടീം
ആലപ്പുഴ: ദേശീയ ഗെയിംസില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ വനിതാ വിഭാഗം കനോയിങ്ങ് മത്സരങ്ങളില്‍ കേരളത്തിന് രണ്ടു വെള്ളി മെഡല്‍. കയാക്കിങ്ങില്‍ നേട്ടം ഒരു വെങ്കല മെഡലില്‍ ഒതുങ്ങി. കനോയിങ്ങില്‍ വനിതകളുടെ 1000 മീറ്റര്‍ സി 2, സി 4 വിഭാഗങ്ങളിലാണ് കേരളം വെള്ളിമെഡലുകള്‍ കരസ്ഥമാക്കിയത്.
ഇരു വിഭാഗങ്ങളിലും മദ്ധ്യപ്രദേശിനാണ് സ്വര്‍ണ്ണം. രണ്ടു പേര് തുഴയുന്ന സി 2 വിഭാഗത്തില്‍ ബെറ്റി ജോസഫും ആതിര ശൈലപ്പനും നാലുപേര്‍ തുഴയുന്ന സി ഫോര്‍ വിഭാഗത്തില്‍ സുബി അലക്സാണ്ടര്‍, ആതിര ശൈലപ്പന്‍, നിത്യ കുര്യാക്കോസ്, ബെറ്റി ജോസഫ് എന്നിവരടങ്ങിയ ടീമുമാണ് ആതിഥേയര്‍ക്ക് വേണ്ടി വെള്ളി നേടിയത്.
സി 2 വിഭാഗത്തില്‍ മധ്യപ്രദേശ് 5:6 സെക്കന്‍ഡിലും കേരളം 5:20 സെക്കന്‍ഡിലുമാണ് ഫിനിഷ് ചെയ്തത്. മണിപ്പൂരിനാണ് വെങ്കലം.വനിതകളുടെ തന്നെ 1000 മീറ്റര്‍ കയാക്കിങ് 2 വിഭാഗത്തില്‍ മിനിമോള്‍ കുട്ടപ്പനും ശില്പ ശിശുപാലനുമാണ് വെങ്കലം നേടിയത്. 4:35.00 സെക്കന്‍ഡിലായിരുന്നു ഇവര്‍ ഫിനിഷ് ചെയ്തത്.
4:12.00 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ആന്‍ഡമാന്റെ രജിന കിരോസന്ധ്യ കിസ്പോള് സഖ്യം സ്വര്‍ണവും 4:20. സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മധ്യപ്രദേശിന്റെ നനാവോ ദേവിസോണിയാദേവി ടീം വെള്ളിയും നേടി.
പുരുഷ വിഭാഗത്തില്‍ കേരളത്തിന് നിരാശയായിരുന്നു ഫലം. 1000 മീറ്റര്‍ സിംഗിള്‍സ് കയാക്കിങ്ങില്‍ കേരളത്തിന്റെ വിഷ്ണു രഘുനാഥിന് 4:17.00 സെക്കന്‍ഡില്‍ ആറാമതായാണ് ഫിനിഷ് ചെയതത്. 4:3.00 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത സര്‍വീസസിന്റെ ചിങ ചിങ് സ്വര്‍ണവും 4:5.00 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മണിപ്പൂരിന്റെ ഗ്യാന്ജിത്ത് സിങ് വെള്ളിയും 4:6.00 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഉത്തരാഖണ്ഡിന്റെ സണ്ണികുമാര്‍ വെങ്കലവും നേടി.
















