ഹാന്‍ഡ് ബോളില്‍ സര്‍വ്വീസസിനു വേണ്ടി കളിക്കളത്തിലിറങ്ങുന്ന മലയാളികള്‍
തിരുവനന്തപുരം : കൈപ്പന്തുകളിയില്‍ സൈന്യത്തിന് കിരീടമുറപ്പിക്കാന്‍ ആറ് മലയാളികള്‍ അരയും തലയും മുറുക്കി കളിക്കളത്തിലെത്തി. നിലവിലെ ദേശീയ ചാമ്പ്യന്മാരുടെ കരുത്തും ഈ മലയാളികളാണ്. എതിരാളിയുടെ നീക്കത്തെ മുന്‍കൂട്ടിക്കാണുന്ന ഗോള്‍ക്കീപ്പറും തന്ത്രങ്ങള്‍ മെനയുന്ന പിവട്ട് പ്ലയറും പോരാട്ട വീര്യം കാത്തുസൂക്ഷിക്കുന്ന റൈറ്റ് ബ്ലാക്ക് പ്ലയറും ഹാന്റ് ബാള്‍ കോര്‍ട്ടിലെ സര്‍വ്വീസസിന്റെ വിജയശില്‍പ്പികളാണ്.
ഈ മലയാളിതാരങ്ങള്‍ക്കു പുറമെ പരിശീലകനും സഹ പരിശീലകനും ഫിസിയോതെറാപ്പിസ്റ്റും കേരളത്തിന്റെ കായിക പ്രതിഭകളാണ്. ഒരു പക്ഷേ കേരളം പരിശീലിപ്പിച്ചെടുക്കാന്‍ മറന്നപ്പോള്‍ സൈന്യം നെഞ്ചേറ്റിയ താരങ്ങള്‍.
ചേട്ടന്‍ ഹാന്റ് ബോള്‍ കോച്ചിന്റെ കുപ്പായമിട്ട് കോര്‍ട്ടിന് പിന്നില്‍ നിന്ന് അടവുകള്‍ പറഞ്ഞുകൊടുക്കുമ്പോള്‍ കളിക്കളത്തില്‍ സഹതാരങ്ങളെ നിയന്ത്രിക്കുന്ന ക്യാപ്റ്റന്റെ കിരീടമണിയുന്നത് അനുജനാണെന്ന പ്രത്യേകതയും സര്‍വ്വീസസിന്റെ ഹാന്റ് ബോള്‍ ടീമിനുണ്ട്. കൊല്ലം കടപ്പാക്കട സ്വദേശികളായ കെ. പ്രദീപ്കുമാറും കെ. പ്രസീദ്കുമാറുമാണ് ആ താര സഹോദരങ്ങള്‍. ദേശീയ ഗെയിംസില്‍ 14 മെഡലുകള്‍ സ്വന്തമാക്കിയ ഹാന്റ് ബോള്‍ താരമാണ് പ്രസീദ്.
രണ്ടുതവണ കേരളത്തിന്റെ പടച്ചട്ടയണിഞ്ഞ കളിക്കാരന്‍. ജോലിയെന്ന് സ്വപ്‌നം നമ്മുടെ സര്‍ക്കാര്‍ പിന്നത്തേക്കെന്നു പറഞ്ഞു കയ്യൊഴിഞ്ഞപ്പോള്‍ സൈന്യത്തില്‍ ചേര്‍ന്ന കായിക പ്രതിഭ. സര്‍വ്വീസസിനുവേണ്ടി പന്ത് തട്ടാനെത്തിയ എല്ലാ മലയാളികളുടെയും നെഞ്ചിനുള്ളിലെ വിങ്ങലാണ് കേരളത്തിനുവേണ്ടി കളിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നത്. സൗത്ത് ഏഷ്യന്‍ ബീച്ച് ഗെയിംസിലെ കഴിഞ്ഞ തവണത്തെ ഗോള്‍ഡ് മെഡല്‍ ജേതാവ് കോഴിക്കോടുകാരന്‍ ഷിനോജ് റ്റി.പിയാണ് സര്‍വ്വീസസിന്റെ ഗോള്‍ക്കീപ്പര്‍.
കണ്ണൂര്‍ വയക്കര സ്വദേശി കെ.പി. ജഗദീഷ് ടീമിലെ റൈറ്റ് ബ്ലാക്ക് പ്ലയറാണ്. തിരുവനന്തപുരം പടിഞ്ഞാറെകോട്ട സ്വദേശി ടി.പി. ലാലുവാണ് ടീമിന്റെ അസിസ്റ്റന്റ് കോച്ച്. ആലപ്പുഴ മാന്നാര്‍ സ്വദേശി സിബി തോമസ് ഫിസിയോ തെറാപ്പിസ്റ്റാണ്. അസിസ്റ്റന്റ് കോച്ചൊഴികെ മറ്റെല്ലാപേരും ആര്‍മിയിലെ ഉദ്യോഗസ്ഥരാണ്. അസിസ്റ്റന്റ് കോച്ച് നേവിയിലാണ് ജോലി ചെയ്യുന്ന്ത്. കൃത്യതയാര്‍ന്ന പരിശീലനമാണ് സര്‍വ്വീസസ് ടീമിനെ രാജ്യത്തെ മികച്ച കളിക്കാരാക്കി മാറ്റുന്നതെന്ന് ചീഫ് കോച്ച് പ്രദീപ്കുമാര്‍ പറയുന്നു. ഓരോ ദിവസം കഴിയുമ്പോഴും അടുത്ത മതസരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പ് നടത്തുകയാണ് സൈന്യത്തിന്റെ രീതിയെന്ന് അദ്ദേഹം പറയുന്നു.
സമയോചിതമായി തീരുമാനമെടുക്കുവാന്‍ മലയാളി താരങ്ങള്‍ കാണിക്കുന്ന മികവാണ് ഹാന്റ്‌ബോളില്‍ സര്‍വ്വീസസിന്റെ വിജയങ്ങള്‍ക്കുപിന്നിലെന്ന് കോച്ച് സാക്ഷ്യപ്പെടുത്തുന്നു. പിന്നെ മലയാളി താരങ്ങള്‍ പൊതുവേ വേഗമേറിയ കളിക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ നല്‍കാത്തതാണ് മലയാളി താരങ്ങളെ അന്യസംസ്ഥാനങ്ങളിലേക്കും സര്‍വ്വീസസിലേക്കും എത്തിക്കുന്നതിനുകാരണമെന്ന് ഹാന്റ് ബോള്‍ ടീമിലെ മലയാളികള്‍ പറയുന്നു.
നാല് ദേശീയ ഗെയിംസ് കളിച്ചാലെ നമ്മുടെ സര്‍ക്കാര്‍ കായിക താരത്തിന് ഒരു ജോലി നല്‍കൂ. എന്നാല്‍ ജൂനിയര്‍ തലത്തില്‍ ഒരു തവണ മികവു പുലര്‍ത്തിയാല്‍ സൈന്യത്തില്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ജോലി ലഭിക്കും. ഇതാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ അന്യദേശക്കാര്‍ക്കുവേണ്ടി കളത്തിലിറങ്ങുന്നതിനുകാരണം. ഇന്ന് കേരളവുമായി ഹാന്റ്‌ബോളില്‍ ഏറ്റുമുട്ടുകയാണ് സര്‍വ്വീസസ്. കളിക്കളത്തില്‍ പിറന്ന നാടിനെ മറന്നു തന്നെ സൈന്യത്തിനുവേണ്ടി പോരാടുമെന്ന് കേരളം മറന്ന മലയാളികള്‍ പറയുന്നു. മലയാളിതാരങ്ങളുടെ മികവില്‍ ഇക്കുറിയും സര്‍വ്വീസസ് സ്വര്‍ണം നേടിയാല്‍ ചേട്ടന്‍ കോച്ചും അനിയന്‍ ക്യാപ്ടനും ചരിത്രത്തില്‍ ഇടം നേടും.
















