കൊച്ചി: അമ്പെയ്‌ത്തിലെ ഗ്ലാമര്‍ ഇനമായ റീകര്‍വിന്റെ മിക്‌സഡ് റൗണ്ടില്‍ ജാര്‍ഖണ്ഡിന്റെ ദീപികാ കുമാരിയും ജയന്താ തലുക്തറും സ്വര്‍ണ്ണം നേടി. എതിരാളിയായ മണിപ്പൂരിന്റെ ബൊമ്പൈലാ ദേവിയ്‌ക്കും സനതോബാ സിങിനും വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വെസ്റ്റ് ബംഗാളിന്റെ രേഷ്മ ബാനര്‍ജിയും അതാനു ദാസും വെങ്കലം നേടി.
തുടര്‍ച്ചയായ നാലു സെറ്റുകളില്‍ മൂന്നും നേടിയ ജാര്‍ഖണ്ഡ് തുടക്കം മുതല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തി (സ്‌കോര്‍ 6-2). ആദ്യറൗണ്ടില്‍ മണിപ്പൂരിനെതിരെ (31) 36 പോയിന്റ് നേടിയ ജാര്‍ഖണ്ഡ് ഒന്നാം സെറ്റ് അനുകുലമാക്കി (സ്‌കോര്‍ 2-0). രണ്ടാം റൗണ്ടില്‍ ജാര്‍ഖണ്ഡിനെ (35) പിന്നിലാക്കി മണിപ്പൂര്‍ (37) സെറ്റ് നേടി (സ്‌കോര്‍ 0-2). മൂന്നും നാലും റൗണ്ടുകളില്‍ 39 വീതം പോയിന്റ് നേടിയ ജാര്‍ഖണ്ഡ് (മണിപ്പൂര്‍- 37, 36) രണ്ടു സെറ്റുകളും വ്യക്തമായ ലീഡോടെ നിലനിര്‍ത്തി സ്‌കോര്‍ 2-0. 2-0).
അസ്സാമിനെതിരെ ശക്തമായി പോരാടിയാണ് വെസ്റ്റ് ബംഗാള്‍ വെങ്കലം (സ്‌കോര്‍ 4-4) നേടിയത്. സമനിലയില്‍ കലാശിച്ച മത്സരം ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ പ്രഖ്യാപിച്ചത്. ആദ്യറൗണ്ടില്‍ വെസ്റ്റ് ബംഗാളിന് (35) സെറ്റ് നഷ്ടമായെങ്കിലും രണ്ടും മൂന്നും റൗണ്ടില്‍ സെറ്റ് നേടി ശക്തമായി തിരിച്ചു വന്നു. നാലാം റൗണ്ടില്‍ അസ്സാം ശക്തമായി തിരിച്ചടിച്ചതോടെ മത്സരം സമനിലയിലായി. ഷൂട്ടൗട്ടില്‍ വെസ്റ്റ് ബംഗാള്‍ ഒരു പോയിന്റ് വ്യത്യാസത്തിന് വെങ്കലത്തിലേയ്‌ക്ക്. സദ്ബീര്‍ കൗറും സഞ്ജയ് ബോറോയുമാണ് അസ്സാമിനു വേണ്ടി മത്സരിച്ചത്.
















