തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിലെ ഗ്ലാമര്‍ ഇനങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ ട്രാക്കും ഫീല്‍ഡും ഉണരുന്നതോടെ ഇനിയുള്ള അഞ്ച് ദിവസം പുതിയ വേഗവും ഉയരവും ദൂരും കണ്ടെത്താനുള്ള ആവേശപ്പോരിനായിരിക്കും സാക്ഷ്യം വഹിക്കുക.
2011ലെ റാഞ്ചി ഗെയിംസിന്റെ അത്ലറ്റിക്സില് കേരളമായിരുന്നു ചാമ്പ്യന്മാര്. 9 സ്വര്‍ണ്ണവും 10 വെള്ളിയും എട്ട് വെങ്കലവുമടക്കം 27 മെഡലുകളാണ് കേരളം വാരിക്കൂട്ടിയത്. ഇത്തവണ തിരുവനന്തപുരത്ത് അതിലും മികച്ച പ്രകടനമാണ് കേരളത്തിന്റെ ലക്ഷ്യം.
തീര്‍ത്തും അപ്രതീക്ഷിത നേട്ടങ്ങള്‍ കൈവരിച്ച നീന്തല്‍ക്കുളത്തിലെയും തുഴച്ചില്‍ മത്സരങ്ങളിലെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരളം ട്രാക്കിലും ഫീല്‍ഡിലുമായി പൊന്നുവിളയിക്കാന്‍ ഇറങ്ങുന്നത്. മത്സരങ്ങളിലെ മെഡല്‍ക്കൊയ്ത്ത് ടീമിന് ആവേശം പകരുന്നുമുണ്ട്.
പുരുഷവിഭാഗത്തില്‍ ജോസഫ് ജി. എബ്രഹാം, രഞ്ജിത്ത് മഹേശ്വരി, കെ.പി. ബിമിന്, എസ്. അരുണ്‍ ജിത്ത്, ജിതിന് പോള്‍ തുടങ്ങിയ പരിചയസമ്പന്നരും ശ്രീനിത്ത് മോഹന്‍, മുഹമ്മദ് അഫ്സല്, മനു ഫ്രാന്‍സിസ് തുടങ്ങിയ യുവനിരയും അത്ഭുതപ്രകടനം നടത്തുമെന്ന വിശ്വാസത്തിലാണ് കേരള ക്യാമ്പ്. വലിയൊരു യുവനിരയെയും കേരളം രംഗത്തിറക്കുന്നു.
വനിതാ വിഭാഗത്തിലും കരുത്തുറ്റ നിരയുമായാണ് കേരളം വരുന്നത്. ക്യാപ്റ്റന്‍ പ്രജ ശ്രീധരനൊപ്പം ഒ.പി. ജയ്ഷ, ടിന്റു ലൂക്ക തുടങ്ങിയ അന്താരാഷ്ട്ര താരങ്ങള്‍ക്കൊപ്പം സ്കൂള്‍ മീറ്റുകളിലും ദേശീയ ജൂനിയര്‍ മീറ്റുകളിലും മിന്നിത്തിളങ്ങിയ പി.യു. ചിത്ര, ജെസ്സി ജോസഫ്, വി.വി. ജിഷ, കെ.ടി. നീന, തുടങ്ങിയ കൗമാര താരങ്ങളും കേരളത്തിന്റെ മെഡല്‍ കൊയ്ത്തിനായി ട്രാക്കിലിറങ്ങും. ടീമിലെ 20 പേര് ആദ്യമായാണ് ദേശീയ ഗെയിംസില്‍ മത്സരിക്കാനിറങ്ങുന്നത്. സര്‍വീസസ്, ഹരിയാന, തമിഴ്നാട്, പഞ്ചാബ് തുടങ്ങിയ പതിവ് കേന്ദ്രങ്ങളില്‍നിന്നു തന്നെയാണ് കേരളം കടുത്ത വെല്ലുവിളി നേരിടുന്നത്.
അത്ലറ്റിക്സിന്റെ ആദ്യദിനമായ ഇന്ന് നാല് ഫൈനലുകളാണ് നടക്കുക. വനിതകളുടെ ഹൈജമ്പ്, ഷോട്ട്പുട്ട്, പുരുഷ-വനിതാ 5000 മീറ്റര്‍ എന്നിവയിലാണ് ഇന്ന് സ്വര്‍ണ്ണം നിര്‍ണയിക്കുക. വനിതാ 5000 മീറ്ററിലാണ് ഇന്ന് കേരളത്തിന്റെ പ്രധാന സ്വര്ണ്ണപ്രതീക്ഷ. ക്യാപ്റ്റന്‍ പ്രീജ ശ്രീധരന്, സ്കൂള്‍ മീറ്റുകളിലെ സൂപ്പര്‍താരം പി.യു. ചിത്ര എന്നിവരിലാണ് കേരളം ഈയിനത്തില്‍ മെഡല്‍ സ്വപ്നം കാണുന്നത്. പി.യു. ചിത്രയുടെ ആദ്യ ദേശീയ ഗെയിംസാണിത്. പുരുഷ വിഭാഗത്തില്‍ മുന്‍പ് പറളി സ്കൂളിന്റെ താരമായിരുന്ന ജെ. സതീഷിലാണ് കേരളം മെഡല്‍ ഇന്ന് സ്വപ്നം പ്രതീക്ഷിക്കുന്നത്.
















