കൊച്ചി: ദേശീയ ഗെയിംസ് അമ്പെയ്ത്തില്‍ കേരളത്തിന് ചരിത്ര വെങ്കലം. പുരുഷന്മാരുടെ ടീം ഇന്ത്യന്‍ ബോ വിഭാഗത്തില്‍ ശക്തരായ സര്‍വീസസിനെ അട്ടിമറിച്ചാണ് എം. രാജീവ്, അജിത് ബാബു, കെ.വി. അരുണ്‍ എന്നിവരടങ്ങിയ കേരള സംഘം വെങ്കലം സ്വന്തമാക്കിയത്. 215നെതിരെ 220 പോയിന്റ് നേടി കേരളം ചരിത്രം കുറിച്ചു. ദേശീയ ഗെയിംസില്‍ ഇതാദ്യമായാണ് കേരളം ആര്‍ച്ചറിയില്‍ മെഡല്‍ എയ്തിടുന്നത്.
2011ലെ റാഞ്ചി ഗെയിംസില്‍ സര്‍വീസസിനായിരുന്നു സ്വര്‍ണ്ണം. അക്കുറി സര്‍വീസസ് കുറിച്ച 219 എന്ന ദേശീയ റെക്കോര്‍ഡ് മറികടക്കാനും കേരളത്തിനു കഴിഞ്ഞു. ബീഹാറിനെ 209-214ന് അതിജീവിച്ച് മണിപ്പൂര്‍ സ്വര്‍ണ്ണം നേടി.
ഇതേ ഇനത്തിലെ വനിതകളുടെ വിഭാഗത്തില്‍ അസം സ്വര്‍ണ്ണം നേടിയപ്പോള്‍ പഞ്ചാബ് വെള്ളിയും മഹാരാഷ്ട്ര വെങ്കലവും കൈക്കലാക്കി. ഫൈനലില്‍ ഗൊഹേലോ ബോറോ, കാമിനി ബോറോ, ബിനിമ ബ്രഹ്മ എന്നിവര്‍ അടങ്ങുന്ന അസം ടീം 219 പോയിന്റുകള്‍ വാരിയപ്പോള്‍ പഞ്ചാബിന്റെ രാജ് കൗര്‍, സുഖ്പ്രീത് കൗര്‍, ജസ്വിന്തര്‍ കൗര്‍ സഖ്യം 210 പോയിന്റില്‍ ഒതുങ്ങി.
വനിതകളുടെ വ്യക്തിഗത വിഭാഗത്തില്‍ മഹാരാഷ്ട്രയുടെ ഏകത ഷിര്‍ക്കെ സ്വര്‍ണ്ണവും മണിപ്പൂരിന്റെ നയോബി ചനു ഒക്റാം വെള്ളിയും അസമിന്റെ ബിനുമ ബ്രഹ്മ വെങ്കലവും കരസ്ഥമാക്കി.
മിക്സഡ് ടീം ഇനത്തില്‍ പഞ്ചാബിനെ 139-140 എന്ന സ്കോറിന് പിന്തള്ളിയ മണിപ്പൂരിനാണ് സ്വര്‍ണം. മണിപ്പൂരിനെ എം. സുന്ദര്‍ സിംഗ്, പി. സോണിയാ ദേവി എന്നിവരും പഞ്ചാബിനെ മോഹിത് റാണ-രാജ് കൗര്‍ സഖ്യവും പ്രതിനിധീകരിച്ചു. കേരളത്തെ കീഴടക്കി അസം വെങ്കലം ചൂടി (147-131).
















