തിരുവനന്തപുരം: പിരപ്പന്‍കോട് അക്വാട്ടിക് സെന്ററിലെ മത്സരങ്ങള്‍ ഇന്നലെ പൂര്‍ത്തിയായി. കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി നടന്ന മത്സരങ്ങളില്‍ 48 ഇനങ്ങളിലാണ് സ്വര്‍ണ്ണം നിശ്ചയിക്കപ്പെട്ടത്.
നീന്തലില്‍ 40, ഡൈവിംഗില്‍ ആറ്, വാട്ടര്‍പോളോയില്‍ രണ്ട് എന്നിങ്ങനെയാണ് നീന്തല്‍ക്കുളത്തില്‍ നിശ്ചയിക്കപ്പെട്ട സ്വര്‍ണ്ണങ്ങള്‍. ഏഴ് ദിവസങ്ങളിലായി നിശ്ചയിക്കപ്പെട്ട 48 ഇനങ്ങളില്‍ നിന്നായി 42 റെക്കോര്‍ഡുകളും പുതിയതായി പിറന്നു. നീന്തലില്‍ നിന്നുമാത്രം 37 റെക്കോര്‍ഡുകള്‍ പിറന്നപ്പോള്‍ അഞ്ചെണ്ണം ഡൈവിംഗ് ബോര്‍ഡില്‍ നിന്നാണ്.
തീരുമാനിക്കപ്പെട്ട 48 സ്വര്‍ണ്ണങ്ങളില്‍ മഹാരാഷ്‌ട്ര നീന്തലില്‍ 11ഉം ഡൈവിംഗില്‍ മൂന്നെണ്ണവുമടക്കം 14 സ്വര്‍ണ്ണം നേടി. കൂടാതെ 19 വെള്ളിയും അഞ്ച് വെങ്കലും അവര്‍ സ്വന്തമാക്കി. മധ്യപ്രദേശ് 10 സ്വര്‍ണ്ണവും മൂന്ന് വെള്ളിയും 7 വെങ്കലവുമടക്കം 20 മെഡലുകള്‍ നേടിയപ്പോള്‍ മൂന്നാം സ്ഥാനം ആതിഥേയരായ കേരളത്തിനാണ്. കഴിഞ്ഞ തവണ നീന്തലില്‍ ഒരു മെഡല്‍ പോലും നേടാന്‍ കഴിയാതിരുന്ന കേരളം ഇത്തവണ സ്വപ്‌നതുല്യമായ കുതിപ്പാണ് നടത്തിയത്. 6 സ്വര്‍ണ്ണവും 5 വെള്ളിയും 8 വെങ്കലവുമടക്കം 19 മെഡലുകളാണ് നീന്തിയെടുത്ത്. കൂടാതെ വാട്ടര്‍പോളോയിലും ഡൈവിംഗിലും കേരളം ഓരോ സ്വര്‍ണ്ണം നേടി.
2011ലെ റാഞ്ചി ഗെയിംസില്‍ വാട്ടര്‍പോളോയിലെ രണ്ട് സ്വര്‍ണ്ണം മാത്രമായിരുന്നു കേരളം നേടിയിരുന്നത്. കേരളത്തിന്റെ എട്ട് സ്വര്‍ണ്ണങ്ങളില്‍ ആറെണ്ണവും നേടിയത് സാജന്‍ പ്രകാശാണ്. കൂടാതെ മൂന്ന് വെള്ളിയും സാജന്‍ കേരളത്തിനായി നീന്തിയെടുത്തു. മറ്റ് രണ്ട് സ്വര്‍ണ്ണങ്ങള്‍ പുരുഷന്മാരുടെ 10 മീറ്റര്‍ പ്ലാറ്റ്‌ഫോം ഡൈവിംഗില്‍ സിദ്ധാര്‍ത്ഥ് പരദേശിയും വനിതകളുടെ വാട്ടര്‍പോളിയില്‍ നിന്നുമാണ്.
ഇന്നലെ നാല് ഫൈനലുകളാണ് നടന്നത്. പുരുഷന്മാരുടെ 100 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കില്‍ സന്ദീപ് സേജ്‌വാള്‍ തന്റെ തന്നെ പേരിലുള്ള റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണ്ണം നേടി. ഒരു മിനിറ്റ് 2.12 സെക്കന്റില്‍ നീന്തിയെത്തിയാണ് മധ്യപ്രദേശിന്റെ സന്ദീപ് ഇന്നലെ റെക്കോര്‍ഡ് സ്വന്തമാക്കിയത്. 2011-ലെ റാഞ്ചി ഗെയിംസില്‍ സന്ദീപ് സേജ്‌വാള്‍ തന്നെ സ്ഥാപിച്ച 1 മിനിറ്റ് 03.85 സെക്കന്റായിരുന്നു മുന്‍ റെക്കോര്‍ഡ്.
ഒരു മിനിറ്റ് 04.16 സെക്കന്റില്‍ നീന്തിയെത്തിയ ഹരിയാനയുടെ പുനീത് റാ വെള്ളി നേടിയപ്പോള്‍ വെങ്കലം കേരളത്തിന് സ്വന്തമായി. ഒരു മിനിറ്റ് 4.55 സെക്കന്റില്‍ ഫിനിഷ് ചെയ്ത അനൂപ് അഗസ്റ്റിനാണ് ഇന്നലെ നീന്തല്‍ക്കുളത്തില്‍ നിന്ന് കേരളത്തിന്റെ ആദ്യ മെഡല്‍ നേടിയത്. മറ്റൊരു കേരള താരമായ എസ്. അരുണ്‍ നാലാമതായി. ഈ ദേശീയ ഗെയിംസിലെ നാലാം സ്വര്‍ണ്ണമാണ് സേജ്‌വാള്‍ ഇന്നലെ കഴുത്തിലണിഞ്ഞത്. 200, 50 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കിലും 4-100 മീറ്റര്‍ മെഡ്‌ലെ റിലേയിലുമാണ് സേജ്‌വാളിന്റെ മറ്റ് പൊന്നുകള്‍. കൂടാതെ 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെ, 4-100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേ എന്നിവയില്‍ വെങ്കലവും സേജ്‌വാള്‍ സ്വന്തമാക്കി.
വനിതകളുടെ 100 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കില്‍ ചണ്ഡിഗഡിന്റെ ചാഹത് അറോറ പൊന്നണിഞ്ഞു. ഒരു മിനിറ്റ് 17.48 സെക്കന്റില്‍ നീന്തിയെത്തിയാണ് ചാഹത് സ്വര്‍ണ്ണം നേടിയത്. ഒരു മിനിറ്റ് 17.87 സെക്കന്റില്‍ ഫിനിഷ് ചെയ്ത് മഹാരാഷ്‌ട്രയുടെ മോണിക്ക് ഗാന്ധി വെള്ളി നേടിയപ്പോള്‍ ഒരു മിനിറ്റ് 17.94 സെക്കന്റിലെത്തിയ തമിഴ്‌നാടിന്റെ എ.വി. ജയവീണക്കാണ് വെങ്കലം.
വനിതകളുടെ 100 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ ഹരിയാനയുടെ ശിവാനി കടാരിയ പുതിയ റെക്കോര്‍ഡോടെ ഇന്നലെ പൊന്നണിഞ്ഞു. 2002-ല്‍ കര്‍ണാടകയുടെ ശിഖാ ഠണ്ഡന്‍ സ്ഥാപിച്ച 59.71 സെക്കന്റിന്റെ റെക്കോര്‍ഡാണ് ശിവാനി 58.34 സെക്കന്റില്‍ ഫിനിഷ് ചെയ്ത് സ്വന്തം പേരിലാക്കിയത്. 59.34 സെക്കന്റില്‍ നീന്തിയെത്തി മഹാരാഷ്‌ട്രയുടെ അതിഥി ധുമാത്കര്‍ വെള്ളി നേടിയപ്പോള്‍ ഗോവയുടെ തലാഷ എസ്. പ്രഭുവിനാണ് വെങ്കലം. സമയം: ഒരു മിനിറ്റ് 0.13 സെക്കന്റ്. ശിവാനി നേരത്തെ 200 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ സ്വര്‍ണ്ണവും 50 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ വെള്ളിയും നേടിയിരുന്നു.
പുരുഷന്മാരുടെ 100 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ മധ്യപ്രദേശിന്റെ ആരോണ്‍ ഡിസൂസ 50.97 സെക്കന്റില്‍ പുതിയ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി. 2011-ല്‍ വീര്‍ ധവാല്‍ ഘാഡെ സ്ഥാപിച്ച 51.30 സെക്കന്റിന്റെ റെക്കോര്‍ഡാണ് ആരോണ്‍ തിരുത്തിയത്. തന്റെ പേരിലുള്ള റെക്കോര്‍ഡിനേക്കാള്‍ മികച്ച സമയത്തില്‍ ഫിനിഷ് ചെയ്ത് വീര്‍ ധവാല്‍ ഘാഡെ (51.10 സെക്കന്റ്) വെള്ളി നേടിയപ്പോള്‍ ഗുജറാത്തിന്റെ അന്‍ഷുല്‍ കോത്താരി 52.17 സെക്കന്റില്‍ വെങ്കലും സ്വന്തമാക്കി.
















