തിരുവനന്തപുരം: കേരളാ വാട്ടര്‍പോളോ വനിതാ ടീം ക്യാപ്ടനായ ശ്രീക്കുട്ടി 13 വര്‍ഷത്തെ കരിയറിനിടെ കൈപ്പിടിയില്‍ ഒതുക്കിയത് സ്വര്‍ണ്ണവും വെള്ളിയുമടക്കം നൂറിലധികം മെഡലുകള്‍. പക്ഷേ, മെഡലുകളുടെ തിളക്കം ജീവിതത്തിനുണ്ടാക്കാനാവാതെ പ്രാരാബ്ധങ്ങളോട് മല്ലിടുകയാണ് ഈ പ്രതിഭ.
തിരുവന്തപുരം പിരപ്പന്‍കോട് ജയഭവനില്‍ ബാബുവിന്റേയും ജയയുടേയും മകളാണ് ശ്രീക്കുട്ടി. കൊപ്രാ കച്ചവടത്തിലെ ഏക വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ആശ്രയം. മൂന്ന് വര്‍ഷം മുന്‍പ് ബാബു വൃക്കരോഗ ബാധിതനായതോടെ ശ്രീക്കുട്ടിയുടെ ജീവിതത്തിന്റെ താളം തെറ്റി. അച്ഛന് കൂലിപ്പണിക്ക് പോലും പോകാന്‍ കഴിയാത്ത അവസ്ഥ. മരുന്നുകള്‍ക്കുമാത്രമായി ദിവസവും 300 രൂപ വേണം.ഇതോടെ പകുതിമാത്രം പൂര്‍ത്തിയായ വീടിന്റ പണി തടസ്സപ്പെട്ടു.
പിരപ്പന്‍കോട് സഹകരണബാങ്കില്‍ നിന്നും ലോണെടുത്താണ് വീടിന്റെ പണി നടത്തിയത്. ബാബുവിന്റെ അസുഖം മൂലം ലോണ്‍ തിരിച്ചടവുകള്‍ തെറ്റി. ഇപ്പോള്‍ വലിയൊരു തുക ബാങ്കില്‍ അടയ്ക്കുവാനുണ്ട്. മറ്റ് കടങ്ങള്‍ വേറേയും. ശ്രീക്കുട്ടിക്കു ലഭിച്ച മെഡലുകള്‍ പലതും ജീവിത തിരക്കിനിടെ അലക്ഷ്യമായി വലിച്ചിടേണ്ടിവന്നു. മെഡലുകള്‍ വൃത്തിയായി സൂക്ഷിക്കുവാന്‍പോലും ഇപ്പോള്‍ ഇടമില്ല.
ശ്രീക്കുട്ടിയുടെ അച്ഛന് ഇപ്പോള്‍ വീടിനു മുന്നില്‍ കരിക്കുകച്ചവടം നടത്തിവരുന്നു. അതിലെ കിട്ടുന്ന തുച്ഛമായ വരുമാനം അദ്ദേഹത്തിന്റെ മരുന്നിനുപോലും തികയില്ല. അമ്മകൂടി കൂലിപ്പണിക്ക് ഇറങ്ങുന്നതിനാലാണ് കുടുംബം പട്ടിണിയില്ലാതെ കഴിയുന്നത്. അമ്മയുടെ വരുമാനത്തില്‍ നിന്നുവേണം ജ്യേഷ്ഠന് ബാബു ശ്രീകാന്തിന്റെ പഠന ചെലവുകളും കണ്ടെത്താന്‍.
കഴിഞ്ഞ ആറുവര്‍ഷമായി ശ്രീക്കുട്ടി ഉള്‍പ്പെടുന്ന കേരള ടീം ദേശീയ ചാമ്പ്യന്‍ പട്ടം ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. ഝാര്‍ഖണ്ഡില്‍ നടന്ന ദേശീയ ഗെയിംസിലും ശ്രീക്കുട്ടി കേരളത്തിനുവേണ്ടി സ്വര്‍ണ്ണം നേടിയിരുന്നു. ആറാം ക്ലാസ് മുതല്‍ കേരളത്തിനുവേണ്ടി ദേശീയ തലത്തില്‍ മാറ്റുരയ്ക്കുന്നു. എന്നാല്‍ ഇതുവരെ കേരള സര്‍ക്കാര്‍ ശ്രീക്കുട്ടിക്ക് യാതൊരു സഹായവും നല്‍കിയിട്ടില്ല.
നീന്തലിലെ അഭിരുചി മനസിലാക്കിയ അധ്യാപകരാണ് ശ്രീക്കുട്ടിയിലെ താരത്തെ തിരിച്ചറിഞ്ഞത്. സാമ്പത്തിക പരാധീനതകള്‍ വിലങ്ങുതടിയായ സമയങ്ങളില്‍ സഹായിച്ചത് പരിശീലകരായിരുന്നു.
ഇക്കുറി വാട്ടര്‍ പോളോയില്‍ സ്വര്‍ണ്ണം ഉറപ്പിച്ചു നില്ക്കുമ്പോള് കടപ്പാടുമുഴുവന് പരിശീലകര്‍ക്കും അധ്യാപകര്‍ക്കും. പിന്നെ താന്‍ പിരപ്പന്‍കോട് ശ്രീകൃഷ്ണ സ്വാമിക്കും. ശ്രീക്കുട്ടിക്ക് ചെറിയ ആഗ്രഹങ്ങളേയുള്ളു. അമ്മയെക്കൊണ്ട് ഇനി കൂലിപ്പണി ചെയ്യിക്കേണ്ടി വരരുത്…അച്ഛന്റെ രോഗം മാറ്റണം …വീടിന്റെ പണി പൂര്‍ത്തിയാക്കണം.. ജീവിക്കാന്‍ ഒരു ജോലിവേണം. അതിനു ഇത്തവണയെങ്കിലും സര്‍ക്കാര്‍ കനിയുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
















