കോഴിക്കോട്: ദേശീയ ഗെയിംസ് പുരുഷ ഫുട്ബോളില്‍ പഞ്ചാബും മിസോറാമും സെമിയിലെത്തി. ഇന്നലെ രാവിലെ നടന്ന മത്സരത്തില്‍ സര്‍വ്വീസസിനെ 2-2ന് സമനിലയില്‍ തളച്ചാണ് മിസോറാം പൂള് ബിയില്‍ നിന്ന് സെമിയിലെത്തിയത്. രാത്രി നടന്ന കളിയില്‍ പശ്ചിമ ബംഗാളിനെ 1-0ന് കീഴടക്കിയാണ് പഞ്ചാബ് അവസാന നാലിലേക്ക് കുതിച്ചത്.
ബംഗാളിനെതിരായ കളിയില്‍ ആദ്യ പകുതിയുടെ 37-ാം മിനിറ്റില്‍ പഞ്ചാബ് ക്യാപ്റ്റന്‍ രവീന്ദ്രര്‍ സിംഗാണ് വിജയ ഗോള്‍ നേടിയത്. കളിയില്‍ ഗോള്‍ ഒന്നും നേടാനാകാതെ മുന്‍ ചാമ്പ്യന്മാര് കൂടിയായ പശ്ചിമബംഗാള്‍ മത്സരത്തില്‍ നിന്നും പുറത്താകുകയും ചെയ്തു.
സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടക്കും. വൈകീട്ട് നാലിന് നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പ് എയിലെ ജേതാക്കളായ ഗോവയും ഗ്രൂപ്പ് ബിയിലെ രണ്ടാംസ്ഥാനക്കാരായ പഞ്ചാബും തമ്മില്‍ ഏറ്റുമുട്ടും. രാത്രി ഏഴിന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഗ്രൂപ്പ് ബിയിലെ ജേതാക്കളായ മിസ്സോറാമും ഗ്രൂപ്പ് എയിലെ രണ്ടാംസ്ഥാനക്കാരായ മഹാരാഷ്ട്രയും തമ്മില്‍ ഏറ്റുമുട്ടും.
ഇന്നലെ രാവിലെ മെഡിക്കല്‍ കോളേജ് സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് മത്സരത്തില്‍ ആദ്യാവസാനം പൊരുതി കളിച്ചാണ് സര്‍വ്വീസസ്സ് ടീം കളംവിട്ടത്. ആദ്യപകുതിയുടെ 18-ാം മിനിറ്റില്‍ അര്ജ്ജുന് ഡുഡുവാണ് സര്‍വീസസ്സിന്റെ ആദ്യഗോള്‍ നേടിയത്. പിന്നീട് 45-ാം മിനിറ്റില്‍ മിസോറാം താരത്തെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയില്‍ ലക്ഷ്യത്തിലെത്തിച്ച് റോഹി മിന്താങ്കെ മിസോറാമിന്റെ ആദ്യഗോള്‍ നേടി. രണ്ടാംപകുതിയിലും സര്‍വീസസ് ഉണര്‍ന്നുകളിച്ചു. 70-ാം മിനിറ്റില്‍ ജയിന്റെ പാസില്‍ വിവേക് കുമാര്‍ സര്‍വീസസ്സിന് വേണ്ടി രണ്ടാംഗോള്‍ നേടി. തൊട്ടുപിന്നാലെ മിസോറാമിന്റെ ലാല്ഡുംപിയയുടെ ഷോട്ട് പുറത്തേക്ക്. എന്നാല്‍ 81-ാം മിനിറ്റില്‍ ആല്‍ബര്‍ട്ട് നേടിയ രണ്ടാം ഗോളിലൂടെയാണ് മിസ്സോറാം സര്‍വ്വീസസ്സിനെ തളച്ച് സെമിബര്‍ത്ത് ഉറപ്പാക്കിയത്.
















