ആലപ്പുഴ: വള്ളംകളിയുടെ നാട്ടില്‍ തുഴച്ചിലില്‍ കരുത്ത് തെളിയിച്ച് കേരളം. റോവിങില്‍ നാലുസ്വര്ണവുമായി വനിതാകിരീടം കേരളം പിടിച്ചടക്കി. ഇന്നലെ നടന്ന 500 മീറ്റര്‍ റോവിങ് മത്സരങ്ങളില്‍ വനിതകളുടെ സിംഗിള്‍ സ്കള്ളില്‍ ഡിറ്റിമോള്‍ വര്‍ഗീസ് പൊന്നണിഞ്ഞു. ഡബിള്സ്കള്ളില് ഡിറ്റിമോള്‍-താരാകുര്യന് സഖ്യവും കോക്സ്ലെസ് ഫോറില്‍ എ. അശ്വനിയും അഞ്ജലി രാജുവും എം.ടി. നിമ്മിയും ഹണിജോസഫുമടങ്ങുന്ന സംഘവും സുവര്‍ണനേട്ടം സ്വന്തമാക്കി.
വനിതകളുടെ കോക്സ് ലെസ് പെയറില്‍ എം.ടി. നിമ്മിയും ഹണിജോസഫും വെള്ളി നേട്ടം സ്വന്തമാക്കി. പുരുഷന്മാരുടെ കോക്സ്ലെസ് ഫോറില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ ടി.എസ്. അരുണും ടി.എ. അനീഷും എസ്. സാജുവും കെ.കെ. സുഭാഷുമടങ്ങുന്ന സംഘം വെങ്കലം പിടിച്ചെടുത്തു.
പുരുഷന്മാരുടെ ഇനത്തില്‍ ആദ്യം ഫൈനല്‍ നടന്നപ്പോഴും റീമാച്ചു നടത്തിയപ്പോഴും കേരളം മൂന്നാം സ്ഥാനം നിലനിര്‍ത്തി. ദല്‍ഹി ടീം ട്രാക്ക തെറ്റിച്ചപ്പോഴാണ് ദല്‍ഹിയെ ഒഴിവാക്കി റീമാച്ച് നടത്തിയത്. കഴിഞ്ഞ ദേശീയ ഗെയിംസില്‍ മൂന്നു സ്വര്‍ണവും നാലുവെള്ളിയും നാലു വെങ്കലവുമടക്കം 11 മെഡലുകളായിരുന്നു കേരളത്തിന്. ഇത്തവണ അത് ഒമ്പതായി ചുരുങ്ങിയെങ്കിലും റോവിങില്‍ ഓവറോളില്‍ രണ്ടാംസ്ഥാനത്തുമെത്തി.
പുരുഷവിഭാഗത്തില്‍ തെലങ്കാനയുടെ ശക്തമായ മത്സരത്തെ പരാജയപ്പെടുത്തി സര്‍വീസസ് തന്നെ പുരുഷവിഭാഗത്തിലും ഓവറോളിലും ഒന്നാം സ്ഥാനം നിലനിര്‍ത്തി. എട്ടു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് സര്‍വീസസിന്റെ സമ്പാദ്യം. ദ്രോണാചാര്യ ജോസ് ജേക്കബ് പരിശീലിപ്പിക്കുന്ന ഒഡീഷ ടീം രണ്ടുസ്വര്‍ണവും രണ്ടുവെള്ളിയും കരസ്ഥമാക്കിയപ്പോള്‍ മണിപ്പൂരിന്റെ സമ്പാദ്യം രണ്ടു സ്വര്‍ണവും ഒരു വെങ്കലവുമായി. തെലങ്കാനയും രണ്ടുസ്വര്‍ണവും മൂന്നുവെള്ളിയും നേടി സംസ്ഥാനമെന്ന നിലയ്ക്കുള്ള തങ്ങളുടെ ആദ്യ ദേശീയ ഗെയിംസ് ചരിത്രസംഭവമാക്കി.
















