തൃശൂര്‍: ദേശീയഗെയിംസിന്റെ വനിതാഫുട്‌ബോള്‍ പൂള്‍ എ മത്സരത്തില്‍ ദല്‍ഹിയും ബംഗാളും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു. കളിയുടെ 23-ാംമിനിറ്റില്‍ ദല്‍ഹിയുടെ 15-ാംനമ്പര്‍ താരം നയോബി ചാനു നേടിയ ഗോളിന്റെ പിന്‍ബലത്തില്‍ അവസാനം വരെ മുന്നിട്ടുനിന്ന ശേഷമാണ് ദല്‍ഹി ബംഗാളിനോട് സമനില വഴങ്ങിയത്.
88-ാംമിനിറ്റില്‍ ബംഗാളിന്റെ സംഗീത ബസ്‌ഫോറേയാണ് ദല്‍ഹി പ്രതിരോധനിരയെ തകര്‍ത്ത് ടീമിന് സമനിലഗോള്‍ നേടികൊടുത്തത്. ഇരുടീമുകളും നേരത്തെ കളിച്ച രണ്ട് മത്സരങ്ങളും തോറ്റ് സെമികാണാതെ പുറത്തായതോടുകൂടി ഇന്നത്തെ മത്സരത്തിന് പ്രാധാന്യം ഉണ്ടായിരുന്നില്ല.
കളിയില്‍ ദല്‍ഹിയാണ് ഏറെകുറെ മേധാവിത്വം പുലര്‍ത്തിയത്. അവരുടെ നയോബി ചാനു ജോതിസര്‍ റിറ്റു എന്നിവര്‍ നടത്തിയ ചില നീക്കങ്ങളും മികച്ച ഷോട്ടുകളും ശ്രദ്ധേയമായി. ക്യാപ്റ്റനും ഇന്ത്യന്‍ ഗോളിയുമായ ഉഷാദാസിന് പുറത്തിരുത്തി രണ്ടാംനമ്പര്‍താരം മമതാദാസിന് നായകസ്ഥാനം ഏല്‍പ്പിച്ചാണ് ബംഗാള്‍ കളത്തിലറങ്ങിയത്.
















