തിരുവനന്തപുരം: നീന്തല്‍ക്കുളത്തില്‍ താരങ്ങളുടെ വിസ്മയ പ്രകടനം തുടരുന്നു. മലയാളിയായ സാജന് പ്രകാശിന്റെ ഉശിരന്‍ കുതിപ്പിനു പിന്നാലെ മധ്യപ്രദേശിന്റെ റിച്ച മിശ്രയും സന്ദീപ് സേജ്വാളും മെഡല്ത്തിളക്കമേറ്റി.
200 മീറ്റര്‍ ബട്ടര്‍ഫ്ളൈയില്‍ രണ്ട് മിനിറ്റ് 21.66 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് റിച്ച സ്വര്‍ണ്ണം നേടിയത്. 2002-ല്‍ സ്ഥാപിച്ച സ്വന്തം റെക്കോര്‍ഡ് (2:23.95 സെക്കന്റ)് റിച്ച മെച്ചെപ്പെടുത്തി. വെള്ളി നേടിയ കര്‍ണാടകയുടെ ദാമിനി കെ. ഗൗഡയും നിലവിലെ റെക്കോര്‍ഡ് മറികടന്നു, 2 മിനിറ്റ് 22.35 സെക്കന്റ്. 2 മിനിറ്റ് 25.73 സെക്കന്റില്‍ ഫിനിഷ് ചെയ്ത തമിഴ്നാടിന്റെ ഷെര്‍ലിന്‍ മേഘ്ന ദേവദാസിനാണ് വെങ്കലം.
ഇതോടെ റിച്ചയുടെ സ്വര്‍ണ സമ്പാദ്യം മൂന്നായി. നേരത്തെ 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കിലും 400 മീറ്റര്‍ വ്യക്തിഗത മെഡ്ലെയിലും റിച്ച പൊന്നണിഞ്ഞിരുന്നു. 200 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ വെങ്കലവും റിച്ചയ്ക്കു ലഭിച്ചു.
പുരുഷ വിഭാഗത്തില്‍ ഇന്നലെ 50 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ കനകം കൊയ്തതോടെ മധ്യപ്രദേശിന്റെ സന്ദീപ് സേജ്വാളിന്റെ മെഡല്‍ നേട്ടം നാലായി ഉയര്‍ന്നു. മൂന്ന് സ്വര്‍ണ്ണവും ഒരു വെങ്കലവുമാണ് സന്ദീപ് നീന്തല്‍ക്കുളത്തില്‍ നിന്ന് ഇതുവരെ പോക്കറ്റിലാക്കിയത്. ഇന്നലെ പുതിയ റെക്കോര്‍ഡുമായാണ് സന്ദീപ് 50 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ ജേതാവായത്.
2011-ല്‍ സ്ഥാപിച്ച 29.03 സെക്കന്റിന്റെ റെക്കോര്‍ഡ് സന്ദീപ് പഴങ്കഥയാക്കി. കഴിഞ്ഞ ദിവസങ്ങൡ 200 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കിലും 4-100 മീറ്റര്‍ മെഡ്ലെ റിലേയിലും സ്വര്‍ണ്ണവും 4-100 മീറ്റര്‍ ഫ്രീസ്റ്റെല്‍ റിലേയില്‍ വെങ്കലവും സന്ദീപ് അക്കൗണ്ടില്‍ എത്തിച്ചിരുന്നു.
വനിതകളുടെ 50 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ തലൈവാസല്‍ വിജയിന്റെ മകള്‍ വിജയവീണ പുതിയ റെക്കോര്‍ഡുമായി തമിഴ്നാടിനായി ഒന്നാം സ്ഥാനം ഉറപ്പിച്ചു.
2011-ല്‍ മഹാരാഷ്ട്രയുടെ പൂര്‍വ ഷെട്ടെ സ്ഥാപിച്ച 35.74 സെക്കന്റിന്റെ റെക്കോര്‍ഡാണ് 34.43 സെക്കന്റായി വിജയവീണ പൊളിച്ചെഴുതിയത്. മഹാരാഷ്ട്രയുടെ മോണിക്ക് ഗാന്ധിക്കാണ് വെള്ളി. സമയം 35.80 സെക്കന്റ്. മഹാരാഷ്ട്രയുടെ പൂര്‍വ ഷെട്ടെ (35.93 സെക്കന്റ)് വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടു. കേരളത്തിന്റെ ആരതി അഞ്ചാം സ്ഥാനത്തു ഫിനിഷ് ചെയ്തു.
വനിതകളുടെ 4-200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ റിലേയില്‍ ജോമി ജോര്‍ജ്, ആരതി. എസ്, സന്ധ്യ. എസ്, പ്രിയ ചന്ദ്രന് എന്നിവരടങ്ങിയ കേരള ടീം 9 മിനിറ്റ് 09.76 സെക്കന്റില്‍ മത്സരം പൂര്‍ത്തിയാക്കി വെങ്കലം നേടി.
















