കൊച്ചി: ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ്പ് ട്രോഫിക്ക് കൊച്ചിയില്‍ വന്‍ വരവേല്‍പ്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ആസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലുമായി അരങ്ങേറുന്ന ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ്പ് 2015-ന്റെ ഗ്ലോബല്‍ പാര്‍ട്ണര്‍ ആയ എംആര്‍എഫ് ആണ് ട്രോഫി കൊച്ചിയിലെത്തിച്ചത്.
ലുലുമാളില്‍ പ്രദര്‍ശനത്തിനുവച്ച ട്രോഫി കാണാന്‍ നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികളാണ് ഒഴുകിയെത്തിയത്. എംആര്‍എഫ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിംഗ്) കോശി കെ വര്‍ഗ്ഗീസ്, കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി. സി മാത്യു, പ്രമുഖ ചലച്ചിത്രതാരം നിവിന്‍പോളി എന്നിവര്‍ ചേര്‍ന്ന് ക്രിക്കറ്റ് ലോകകപ്പ് ട്രോഫി അനാവരണം ചെയ്തു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പ്രോത്സാഹനവും ഉത്തേജനവും ലഭ്യമാക്കുന്നതിനാണ് എംആര്‍എഫ് ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ലോകകപ്പ് ട്രോഫിയുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. യഥാര്‍ത്ഥ ലോകകപ്പ് ട്രോഫി നേരില്‍ കാണുക എന്നത് ക്രിക്കറ്റ് പ്രേമികള്‍ക്ക് അപൂര്‍വമായ ഒരു അനുഭവമായിരുന്നു. കൊച്ചിയില്‍ ട്രോഫി എത്തുന്നതിന് മുന്നോടിയായി 14 ദിവസം നീണ്ട റോഡ് ഷോയും സംഘടിപ്പിക്കുകയുണ്ടായി.
















