തിരുവനന്തപുരം: ഒളിംപിക് ഷൂട്ടിംഗ് വെള്ളിമെഡല്‍ ജേതാവ് വിജയ് കുമാര്‍ ദേശീയ ഗെയിംസില്‍ കനകത്തിളക്കം എടുത്തുചാര്‍ത്തി. പുരുഷന്മാരുടെ 25 മീറ്റര്‍ വ്യക്തിഗത സെന്റര്‍ ഫയര്‍ പിസ്റ്റളിലാണ് തന്റെ അധീശത്വം അടിവരയിട്ട് സര്‍വീസസിനുവേണ്ടി വിജയ് കുമാര്‍ സ്വര്‍ണം വെടിവെച്ചിട്ടത്.
തുടക്കം മുതല്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന വിജയ് കുമാര്‍ ആകെ 583.23 പോയിന്റോടെ സ്വര്‍ണ്ണം കഴുത്തിലണിഞ്ഞു. 578.22 പോയിന്റ്ഉറപ്പിച്ച സമരേഷ് ജംഗ് വെള്ളി നേടി. കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവാണ് സമരേഷ്. സര്‍വീസസിന്റെ പെംബ തമാങ് (575.28 പോയിന്റ്) വെങ്കലവേട്ടക്കാരന്‍.
ഇതേ വിഭാഗം ടീം ഇനത്തിലും വിജയ് കുമാര്‍ ഉള്‍പ്പെട്ട സര്‍വീസസ് ജേതാക്കളായി. വിജയ് കുമാറിന്റെയും ഗുര്‍പ്രീത് സിങ്ങിന്റെയും പെംബ തമാങിന്റെയും മികവില്‍ ആകെ 1733.57 പോയിന്റ് സര്‍വീസസ് പോക്കറ്റിലാക്കി. 1713.41 പോയിന്റ് നേടിയ മധ്യപ്രദേശ് വെള്ളിയും 1643.38 പോയിന്റ് നേടിയ ഹരിയാന വെങ്കലവും പാളയത്തിലെത്തിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം 50 മീറ്റര്‍ പിസ്റ്റള്‍ വ്യക്തിഗത വിഭാഗത്തില്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെട്ട സര്‍വീസസിന്റെ ജിത്തു റായ് ഇന്നലെ 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ ടീം ഇനത്തില്‍ സ്വര്‍ണം പിടിച്ചെടുത്തു. ജിത്തു റായിക്ക് പുറമെ ഓം പ്രകാശ്, ഗുര്‍പാല്‍ സിങ് എന്നിവരടങ്ങിയ സര്‍വീസസ് ടീം 1667 പോയിന്റോടെ ഒന്നാമന്‍മാരുടെ തൊപ്പിയണിഞ്ഞു. അക്ഷയ് സിങ്, അമന്‍പ്രീത് സിങ്, അജിതേഷ് കൗശല്‍ എന്നിവര്‍ ഉള്‍പ്പെട്ട പഞ്ചാബ് വെള്ളിയും ദീപക് ശര്‍മ്മ, വിശ്വജിത് സിങ്, രവീന്ദര്‍ എന്നിവര്‍ ചേര്‍ന്ന ഹരിയാന വെങ്കലവും കരസ്ഥമാക്കി.
















