കേരളത്തിന് വേണ്ടി 75 കിലോ ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ വെങ്കലം നേടിയ കോട്ടയം സ്വദേശിനി അഞ്ജുമോള്‍ ജോസഫ് കോച്ചിനൊപ്പം
കണ്ണൂര്‍: മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസില്‍ കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഗുസ്തിമത്സരത്തിന്റെ രണ്ടാം ദിനത്തില്‍ കേരളത്തിന് അഭിമാനകരമായ നേട്ടം. കോട്ടയം സ്വദേശിനി അഞ്ജുമോള്‍ ജോസഫ് ആണ് കേരളത്തിന്റെ അഭിമാനം കാത്ത് ഗുസ്തിമത്സരത്തില്‍ വെങ്കലം നേടിയത്.
12 വര്‍ഷത്തിന് ശേഷമാണ് കേരളം ഗുസ്തിയില്‍ മെഡല്‍ കരസ്ഥമാക്കുന്നത്. ഇതിന് മുമ്പ് 1999ലും 2002ലും ജാസ്മിന് ജോര്‍ജ് ആണ് കേരളത്തിന് വെങ്കലം നേടിയത്. 99ല്‍ മണിപ്പൂര്‍ ദേശീയ ഗെയിംസില്‍ 68 കിലോ വിഭാഗത്തിലാണ് കോട്ടയത്തെ ജാസ്മിന് ജോര്‍ജ് വെള്ളിയും 2001ല്‍ ജലന്ധറില്‍ ഇതേ വിഭാഗത്തില്‍ വെങ്കലവും നേടിയത്.
75 കിലോ ഫ്രീ സ്റ്റൈല്‍ ഗുസ്തിയിലാണ് അഞ്ജുമോള്‍ ഇത്തവണ നേട്ടം കൈവരിച്ചത്. ആദ്യ റൗണ്ടില്‍ മധ്യപ്രദേശിലെ ഷര്‍മ അശ്വിനിയുമായി ഏറ്റുമുട്ടിയ അഞ്ജു നാല് പോയിന്റ് കരസ്ഥമാക്കി എതിരാളിയെ മലര്‍ത്തിയടിച്ച് വിജയം കരസ്ഥമാക്കി. രണ്ടാം റൗണ്ടില്‍ ഡല്‍ഹിയിലെ ജ്യോതിയുമായി മത്സരിക്കുകയും എന്നാല്‍ 13 പോയിന്റിനെതിരെ ഒരു പോയന്റ് പോലും കരസ്ഥമാക്കാനാവാതെ അഞ്ജുവിന് കീഴടങ്ങേണ്ടതായും വന്നു. പിന്നീട് റിപാര്ഷെയിലൂടെ അഞ്ജുവിന് മത്സരിക്കാന്‍ അവസരം ലഭിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ സ്നേഹാല്‍ ബജ്രംക്ഷുമായി മത്സരിച്ചപ്പോള്‍ ആറ് പോയിന്റ് നേടി അഞ്ജുമോള്‍ വെങ്കലം നേടുകയായിരുന്നു.
















