തിരുവനന്തപുരം: വനിതാ വിഭാഗം ഡൈവിംഗിന് മത്സരാര്‍ത്ഥികളെ പങ്കെടുപ്പിക്കാനാകാതെ നാണംകെട്ട് കേരളം. പരിശീലനം നടത്താനുള്ള ഉപകരണങ്ങളോ, ഭൗതിക സാഹചര്യങ്ങളോ ഇല്ലാത്തതിനാലാണ് വനിതാ വിഭാഗം ഡൈവിംഗിന് മത്സരാര്‍ത്ഥിയെ പങ്കെടുപ്പിക്കാന്‍ കേരളത്തിന് കഴിയാത്തത്.
കേരളത്തില്‍ പരിശീലനയോഗ്യമായ ഡൈവിംഗ് പൂള് ഉള്ളത് തിരുവന്തപുരം പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍ക്കുളത്തില്‍ മാത്രമാണ്. തിരുവന്തപുരം എല്‍എന്‍സിപിയില്‍ ഉണ്ടെങ്കിലും പരിശീലനത്തിന് യോഗ്യമല്ലാത്തതാണ്.
ഡൈവിംഗ് പൂള് ഉള്ളതുകൊണ്ട് മാത്രം ഒരു ഡൈവിംഗ് താരത്തെ വാര്‍ത്തെടുക്കാന്‍ കഴിയില്ല. അതിനായി ഡൈവിംഗ് ജിംമ്നാസ്റ്റിക്സ് ഉപകരണമായ ട്രംപ്ലിംഗ്, ഫോം പിറ്റ്സ്, ഡൈവിംഗ് ബാര്‍ എന്നിവയില്‍ പരിശീലനം നടത്തണം. ഇവയെല്ലാം ഇന്നും കേരളത്തിന് അന്യമാണ്.
ഡൈവിംഗിന്റെ ആദ്യ പാഠങ്ങള്‍ ജിംനാസ്റ്റിക് ഉപകരണമായ ട്രംപ്ലിംഗില് നല്കി കുട്ടിയുടെ ശരീരം ഡൈവിംഗിന് അനുയോജ്യമാക്കണം. അതിനുശേഷം ഫോം പിറ്റില്‍ പരിശീലനം നല്കുന്നു. തുടര്‍ന്നാണ് ഡൈവിംഗ് ബാറിലും , ഡൈവിംഗ്പൂളിലും പരിശീലനം നല്‍കേണ്ടത്. എങ്കില്‍മാത്രമേ ദേശീയതലത്തില്‍ മെഡല്‍ നേടാന്‍ കഴിയുന്ന തരത്തില്‍ താരങ്ങളെ വാര്‍ത്തെടുക്കാന്‍ കഴിയുകയുള്ളൂ എന്ന് കേരളത്തിന്റെ ഡൈവിംഗ് പരിശീലകന് രവിശേഖര് പറയുന്നു.
കേരളത്തില്‍ പരിശീലനം നല്കാന് കഴിയാത്തതിനാല്‍ അന്യ സംസ്ഥാനങ്ങളില്‍ പരിശീലനം നല്കിയ സിദ്ധാര്‍ത്ഥിനെയാണ് പുരുഷവിഭാഗ മത്സരത്തിനായി ഇറക്കുന്നത.്
നിരവധി ദേശീയ നീന്തല്‍ താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള കേരളത്തില്‍ നിന്ന് ഒരു വനിതാ ഡൈവിംഗ് താരത്തെ സൃഷ്ടിക്കാന്‍ പരിശീലനം നല്കാന് കഴിവുള്ളവര്‍ ഉണ്ടായിട്ടുപോലും അതിനു വേണ്ടുന്ന സംവിധാനമൊരുക്കാന്‍ സ്പോര്‍ട്സ് കൗണ്‍സിലോ സംസ്ഥാന സര്‍ക്കാരോ ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം. ഈ ദേശീയ ഗയിംസ് കഴിയുമ്പോഴെങ്കിലും ഒരു ഡൈവിംഗ് പരിശീനലകേന്ദ്രം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഡൈവിംഗ് പരിശീലകര്‍.
















