മെല്‍ബണ്‍: ടെന്നീസ് കോര്‍ട്ടിലെ സെര്‍ബിയന്‍ വീരഗാഥ തുടരുന്നു. ആന്‍ഡി മുറയെന്ന ബ്രിട്ടീഷ് സ്വപ്‌ന സഞ്ചാരിയുടെ മോഹങ്ങളുടെ ചിറകരിഞ്ഞ് ലോക ഒന്നാം നമ്പര്‍ നൊവാക് ഡോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടു, സ്‌കോര്‍: 7-6,6-7, 6-3, 6-0. ഇത് അഞ്ചാം തവണയാണ് ഡോക്കോ മെല്‍ബണ്‍ പാര്‍ക്കില്‍ ചാമ്പ്യനാകുന്നത്. അത്തരമൊരു നേട്ടം കൊയ്യുന്ന ആദ്യ താരവും ഡോക്കോ തന്നെ.
2008, 2011, 2012, 2013 വര്‍ഷങ്ങളിലും സെര്‍ബ് സ്റ്റാര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഷെല്‍ഫിലെത്തിച്ചു.
ഡോക്കോയുടെ എട്ടാം ഗ്രാന്റ്സ്ലാം വിജയംകൂടിയാണിത്. മറുവശത്ത് സീസണിലെ ആദ്യ ഗ്രാന്റ്സ്ലാമിന്റെ കലാശക്കളിയില്‍ നാലാംവട്ടവും അടിതെറ്റിയ മുറെ നിരാശയുടെ തൊപ്പിയണിഞ്ഞു. മൂന്നു തവണയും (2011, 2013, 2015) ഡോക്കോവിച്ചിനോടായിരുന്നു മുറെയുടെ തോല്‍വി.
ഇരുതാരങ്ങളും ബേസ് ലൈനില്‍ ശക്തിപരീക്ഷിച്ച ആദ്യ രണ്ടു സെറ്റുകള്‍ ഒപ്പത്തിനൊപ്പം നിന്നു. ബ്രേക്കുകളും മറുപടി ബ്രേക്കുകളും പലതവണ കണ്ടു. ടൈബ്രേക്കില്‍ ഓരോ സെറ്റ് വീതം മുറെയും ഡോക്കോയും പങ്കിട്ടപ്പോള്‍ ത്രില്ലറിന്റെ സാധ്യതയും തെളിഞ്ഞു.
മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ ഡോക്കോയുടെ സര്‍വ് ഭേദിച്ച മുറെ ചരിത്രം കുറിക്കാന്‍ ഒരുങ്ങുകയാണെന്നു തോന്നി. എന്നാല്‍ പിന്നീട് പിഴവുകളിലൂടെ മുന്‍തൂക്കം നഷ്ടപ്പെടുത്തി മുറെ ഡോക്കോയെ അനിഷേധ്യ ജയത്തിലെത്തിച്ചു.
അവസാന 13 ഗെയിമുകളില്‍ പന്ത്രണ്ടും പിടിച്ചെടുത്ത ഡോക്കോ കളിയെ വരുതിക്ക് നിര്‍ത്തി. മത്സരാന്ത്യനിമിഷങ്ങളില്‍ കായികക്ഷമതയുടെ കാര്യത്തിലും സെര്‍ബ് പ്രതിയോഗിക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ മുറെ പ്രയാസപ്പെടുന്നുണ്ടായിരുന്നു. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്- സ്വിറ്റ്‌സര്‍ലന്റിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യം ജേതാക്കളായി.
ഫൈനലില്‍ അവര്‍ ഡാനിയേല്‍ നെസ്റ്ററും ക്രിസ്റ്റീന മ്ലാഡെനോവിച്ചും ചേര്‍ന്ന കനേഡിയന്‍- ഫ്രഞ്ച് ജോടിയെ തോല്‍പ്പിച്ചു(6-4, 6-3). 41കാരനായ പേസിന്റെ 15-ാം ഗ്രാന്റ് സ്ലാം കിരീടമാണ്. മിക്‌സഡ് ഡബിള്‍സില്‍ ചാമ്പ്യനാകുന്നത് ഏഴാം തവണയും. ഡബിള്‍സില്‍ ഹിംഗിസിന്റെ ഗ്രാന്റ്സ്ലാം ട്രോഫികളുടെ എണ്ണം 11-ായി. കോര്‍ട്ടില്‍ നിന്ന് വിരമിച്ച ഹിംഗിസ് രണ്ടുവര്‍ഷം മുന്‍പാണ് മത്സരരംഗത്ത് തിരിച്ചെത്തിയത്.
















