തലശേരി: രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് സി മത്സരത്തില്‍ സര്‍വീസസിനെതിരെ കേരളത്തിന് ജയപ്രതീക്ഷ. സഞ്ജു വി. സാംസന്റെ (207) ഇരട്ട സെഞ്ച്വറിയുടെ ബലത്തില്‍ 483 റണ്‍സ് പടുത്തുയര്‍ത്തിയ കേരളം ആദ്യ ഇന്നിംഗ്‌സില്‍ സര്‍വീസസിനെ 318 റണ്‍സിന് എറിഞ്ഞിട്ടു. ഫോളോ ഓണ്‍ ചെയ്ത സര്‍വീസസ് മൂന്നാം ദിനം കളി 6ന് 123 എന്ന നിലയില്‍. ഒരു ദിവസവും നാലു വിക്കറ്റും അവശേഷിക്കെ ഇന്നിംഗ്‌സ് തോല്‍വിയൊഴുവാക്കാന്‍ സര്‍വീസസിന് 42 റണ്‍സ് കൂടി വേണം.
അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ ലെഗ് സ്പിന്നര്‍ അമിത് വര്‍മ്മയാണ് ഒന്നാം ഇന്നിംഗ്‌സില്‍ സര്‍വീസസിനെ തകര്‍ത്തത്. രജത് പലിവലും (157) യശ്പാല്‍ സിങ്ങും (72) പൊരുതിയെങ്കിലും കേരളത്തെ മറികടക്കാന്‍ സര്‍വീസസിന് പാങ്ങുണ്ടായില്ല. വിനൂപ് മനോഹരനും രോഹന്‍ പ്രേമും രണ്ടുപേരെ വീതം പുറത്താക്കി. രണ്ടാം വട്ടം ബാറ്റെടുത്ത സര്‍വീസസിന്റെ നില അതിലും ദയനീയമായി. ഇടംകൈയന്‍ സ്പിന്നര്‍ അക്ഷയ് ചന്ദ്രന്റെ അഞ്ചു വിക്കറ്റ് പ്രകടനം ഇക്കുറി സന്ദര്‍ശകരെ പിന്നോട്ടടിച്ചു. ആദ്യ ഇന്നിംഗ്‌സിലെ സെഞ്ച്വറിക്കാരന്‍ പലിവല്‍ (22) അടക്കമുള്ളവര്‍അധികനേരം പിടിച്ചുനിന്നില്ല.
















