മെല്‍ബണ്‍: ഫൈനലിനു മുന്‍പൊരു ഫൈനല്‍. റോഡ് ലേവര്‍ അരേനയിലെ ഗാലറിയെ ശ്വാസംമുട്ടിച്ച റാക്കറ്റ് യുദ്ധം. അതില്‍ വിജയത്തിന്റെ പൊട്ടു ചാര്‍ത്തി ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ച്. തോല്‍വിയിലും തലയുയര്‍ത്തി നിലവിലെ ചാമ്പ്യന്‍ സ്വിറ്റ്സര്‍ലന്റിന്റെ സ്റ്റാനിസ്ലാസ് വാവ്റിങ്ക.
പോയിന്റിന് പോയിന്റും ഗെയിമിന് ഗെയിമും സെറ്റിന് സെറ്റുംവച്ച് നെഞ്ചുറപ്പുകാട്ടിയ വാവ്റിങ്കയെ മാരത്തോണ്‍ പോരാട്ടത്തില്‍ അതിജീവിച്ച് ഡോക്കോവിച്ച് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ ഫൈനലില്‍ കടന്നു, സ്കോര്‍: 7-6, 3-6, 6-4, 4-6, 6-0. ഇനി കലാശക്കളത്തില്‍ ഡോക്കോയ്ക്ക് മുന്നില്‍ ബ്രിട്ടീഷ് പ്രതിയോഗി ആന്‍ഡി മുറെ വരും. മുറയെ മറിച്ചിട്ടാല്‍ പ്രൊഫഷണല്‍ കാലഘട്ടത്തില്‍ മെല്‍ബണ്‍ പാര്‍ക്കില്‍ അഞ്ച് കിരീടം നേടുന്ന ആദ്യ കളിക്കാരനാവും ഡോക്കോ.
എയ്സുകളിലും വിന്നറുകളിലും ഡോക്കോവിച്ചിനെ കടത്തിവെട്ടിയ വാവ്റിങ്കയ്ക്ക് അനാവശ്യ പിഴവുകളാണ് പ്രതിബന്ധം തീര്‍ത്തത്. 69 തവണ വാവ്റിങ്കയുടെ റാക്കറ്റ് തെറ്റുകള്‍ തൊടുത്തുവിട്ടു. ഒന്നാം സെറ്റ് കളിയുടെ ആകെ സ്വഭാവത്തെ പ്രതിഫലിപ്പിച്ചു. ഒടുവില്‍ ടൈബ്രേക്കറില്‍ അതു ഡോക്കോ പിടിച്ചെടുത്തു. എന്നാല്‍ കണക്കുതീര്‍ത്ത വാവ്റിങ്ക എതിരാളിയെ ബ്രേക്ക് ചെയ്ത് രണ്ടാം സെറ്റ് കൈക്കലാക്കി.
മൂന്നാം സെറ്റില്‍ 5-4 എന്ന നിലയില്‍ സ്കോര്‍ നില്‍ക്കെ സമ്മര്‍ദ്ദത്തില്‍ വീണ് സെറ്റ് നഷ്ടപ്പെടുത്തിയ വാവ്റിങ്ക ഡോക്കോയ്ക്ക് മുന്‍തൂക്കം നല്കി. നാലു സെറ്റുകളില്‍ മത്സരം തീര്‍ക്കാന്‍ ഡോക്കോയ്ക്ക് അവസരം ലഭിച്ചതാണ്. നാലാം സെറ്റില്‍ തുടക്കത്തില്‍തന്നെ 2-0ത്തിന് സെര്‍ബ് സ്റ്റാര്‍ മുന്നിലെത്തി. പക്ഷേ, മറുപടി ബ്രേക്കിലൂടെ മടങ്ങിവന്ന വാവ്റിങ്ക സെറ്റ് സ്വന്തമാക്കി ആയുസ് നീട്ടിയെടുത്തു. എങ്കിലും നിര്‍ണായക അഞ്ചാം സെറ്റില്‍ വാവ്റിങ്ക തീര്‍ത്തും നിറംമങ്ങിയപ്പോള്‍ ഡോക്കോ ഫൈനലിലേക്ക് റാക്കറ്റ് വീശി. മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്- സ്വിറ്റ്സര്‍ലന്റിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യം കലാശക്കളം ഉറപ്പിച്ചു. സെമിയില്‍ അവര്‍ സു വെയ് ഹെഷ് (ചൈനീസ് തായ്പേയ്)- പാബ്ലോ ക്യൂവസ് (ഉറുഗ്വെ) കൂട്ടുകെട്ടിനെ കീഴടക്കി (7-5, 6-4).
















