തിരുവനന്തപുരം: ദേശീയ ഗെയിംസ് ആരംഭിക്കാന്‍ ഒരുദിവസം മാത്രം ശേഷിക്കവെ ഒരുക്കങ്ങള്‍ പാതിവഴിയില്‍. സ്റ്റേഡിയങ്ങള്‍ പൂര്‍ണ്ണതോതില്‍ സജ്ജമാവാതെയും പരിശീലന ഉപകരണങ്ങളുടെ ഫിറ്റ്നസ് ഉറപ്പുവരുത്താതെയുമാണ് ഗെയിംസിന് അരങ്ങൊരുങ്ങുന്നത്. 60 കോടി ചെലവിട്ടുവെന്ന് ഗെയിംസ് കമ്മിറ്റിയും 60 കോടി ചെലവഴിച്ചുവെന്ന് നിര്‍മ്മാതാക്കളായ എസിഎംഇയും അവകാശപ്പെടുന്ന ഗെയിംസ് വില്ലേജ് ഇതുവരെയും കായിക താരങ്ങളുടെ താമസത്തിനായി വിട്ടുനല്കിയിട്ടില്ല. ഒരുലക്ഷം പേര്‍ക്ക് സൗജന്യ പാസ് നല്കി ഉദ്ഘാടന ചടങ്ങ് കാണാന്‍ അവസരമൊരുക്കുമെന്ന കായിക മന്ത്രിയുടെ പ്രഖ്യാപനവും പാഴ്വാക്കായി. പാസ് ലഭിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ തേടി നടക്കേണ്ട അവസ്ഥയാണിപ്പോള്‍.
സ്റ്റേഡിയങ്ങള്‍ പാതിവഴിയില്‍
ദേശീയ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് വിവിധ മത്സരയിനങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങള്‍ പൂര്‍ത്തീകരിക്കാതെയും കായികോപകരണങ്ങള്‍ സ്ഥാപിക്കാതെയും ട്രയല്‍ റണ്ണും പ്രാക്ടീസ് മാച്ചും നടത്താതെയും ഉദ്ഘാടനം കഴിഞ്ഞാലും വിവിധ സ്റ്റേഡിയങ്ങളില്‍ മത്സരയിനങ്ങള്‍ നടത്താന്‍ കഴിയുമോ എന്ന ഉത്കണ്ഠയിലാണ് ഗെയിംസ് ആരംഭിക്കുന്നത്. ഓരോ സ്റ്റേഡിയവും ഒരു മാസത്തിന് മുമ്പെങ്കിലും പരിശോധിച്ച് കായിക ഉപകരണങ്ങള്‍ കണ്ട് ഉറപ്പുവരുത്തി ട്രയല്‍ കോമ്പറ്റീഷന്‍സ് നടത്തി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാണ്. കളിസ്ഥലങ്ങള്‍ അവലോകനം നടത്തിയെന്നല്ലാതെ ഇതുവരെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. ശരിയായി കൃത്യനിര്‍വ്വഹണം നടത്താതെ സ്വാധീനത്തിന് വഴങ്ങിയാണ് ദേശീയ ഗെയിംസ് ടെക്നിക്കല്‍ കണ്ടക്ട് കമ്മിറ്റി ഗെയിംസിന് അനുമതി നല്‍കിയതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ഉദ്ഘാടന സമാപന സമ്മേളനങ്ങളും മാര്‍ച്ചുപാസ്റ്റും നടക്കേണ്ട ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ പണി 50 ശതമാനംപോലും പൂര്‍ത്തീകരിച്ചിട്ടില്ല.
അത്ലറ്റുകള്‍ക്ക് വാം അപ്പ് നടത്തേണ്ട ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയം പൂര്‍ത്തീകരിച്ച് പുതിയ സിന്തറ്റിക് ട്രാക്ക് നിര്‍മ്മിച്ചുവെങ്കിലും മത്സരം നടക്കേണ്ട യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന്റെ നില പരിതാപകരമാണ്. ഇവിടുത്തെ സിന്തറ്റിക് ട്രാക്കുകള്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്.
വട്ടിയൂര്‍ക്കാവ് പോളിടെക്നിക്കിലെ ഷൂട്ടിംഗ് സ്റ്റേഡിയം 60 ശതമാനം പണി പൂര്‍ത്തിയായെന്ന പേരില്‍ ഉദ്ഘാടനം ചെയ്തെങ്കിലും ഉപകരണങ്ങള്‍ പൂര്‍ണമായും സ്ഥാപിച്ച് ട്രയല്‍ റണ്‍ ഇതുവരെ നടത്തിയിട്ടില്ല.
ഇലക്ട്രോണിക് വിംഗിന്റെയും ടെക്നിക്കല്‍ വിംഗിന്റെയും പ്രവര്‍ത്തനങ്ങള്‍ ഇനിയും നടക്കുവാനുണ്ട്. ജിംനാസ്റ്റിക്സ് മത്സരങ്ങള്‍ നടക്കേണ്ട ജിമ്മിജോര്‍ജ്ജ് സ്റ്റേഡിയത്തിലും ഇതുതന്നെയാണ് സ്ഥിതി. എല്‍എന്‍സിപിയില്‍ വച്ച് നടക്കുന്ന വുഷുവിന്റെ ഓവല്‍ ലെയിംഗ് ഉപകരണങ്ങള്‍ ഇതുവരെ സ്ഥാപിച്ചിട്ടില്ല. കൊല്ലത്തെ ഹോക്കി സ്റ്റേഡിയത്തില്‍ ഗോള്‍ പോസ്റ്റ് ഇതുവരെ എത്തിയിട്ടില്ല. സ്റ്റേഡിയങ്ങളില്‍ സ്ഥാപിക്കുന്നതിനായി കൊണ്ടുവന്ന 43 കണ്ടെയ്നര്‍ ഫഌഡ് ലൈറ്റുകളുടെ ഗുണമേന്മയിലും ഇത് വാങ്ങിയ ടെണ്ടര്‍ നടപടികളിലും വന്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്.
എറണാകുളത്തെ ചെറായിയില്‍ നടക്കുന്ന പായ്വഞ്ചി തുഴയല്‍ മത്സരം (യാട്ടിംഗ്) നിരീക്ഷിക്കുന്നതിനും വിധി നിര്‍ണ്ണയിക്കുന്നതിനുള്ള ഫ്ളോട്ടിംഗ് സ്റ്റേജും ഇതുവരെ നിര്‍മ്മിച്ചിട്ടില്ല. 85 ലക്ഷം രൂപ ചെലവാക്കി ഗാലറി നിര്‍മ്മിക്കേണ്ട മൈതാനത്ത് പുല്ലുപോലും പറിച്ചുമാറ്റിയിട്ടില്ല. യാട്ടിംഗ് കായികോപകരണങ്ങള്‍ എത്താത്തതു കാരണം ഫെഡറേഷനോട് ഇവയെല്ലാം കൊണ്ടുവരാന്‍ സംഘാടക സമിതി ആവശ്യപ്പെട്ടിരിക്കുകയാണ്.
വെള്ളായണി കായലില്‍ നടക്കേണ്ട ട്രയാത്ത്ലണ് മത്സരത്തിനുള്ള ഫഌറ്റ്ഫോം പൂര്‍ത്തിയായിട്ടില്ല. ഇനിയുമെത്താത്ത കായികോപകരണങ്ങളെല്ലാം അതാത് ഫെഡറേഷനുകളോടും അസോസിയേഷനുകളോടും കൊണ്ടുവരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉപകരണങ്ങള്‍ എത്തിയിട്ടുള്ളത് തന്നെ നിലവാരം പരിശോധിച്ചിട്ടില്ല.
ഗെയിംസ് വില്ലേജും പൂര്‍ത്തിയായില്ല
ഗെയിംസ് വില്ലേജിലെ റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടില്ല. ഗെയിംസ് വില്ലേജില്‍ പല സൗകര്യങ്ങളും ഇനിയും പൂര്‍ത്തീകരിക്കുവാനുണ്ട്. വാട്ടര്‍ കണക്ഷനോ ഇലക്ട്രിക് കണക്ഷനോ സ്വീവറേജിന്റെ പ്രവര്‍ത്തനങ്ങളോ പൂര്‍ത്തീകരിച്ചിട്ടില്ല. കാറ്ററിംഗ് ഏറ്റെടുത്തിട്ടുള്ള ഹരിയാനയിലെ ഗസല്‍ ഇന്റര്‍നാഷണല്‍ നാനൂറോളം ജീവനക്കാരുമായി എത്തിയിട്ട് നാലുദിവസമായെങ്കിലും ജലവും വൈദ്യുതിയും ഇല്ലാത്തതു കാരണം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ കഴിയാത്ത സ്ഥിതിയിലാണ്. 611 കോടി രൂപ ചെലവാക്കുന്നതില്‍ സ്റ്റേഡിയം നിര്‍മ്മാണത്തിനായി 240 കോടി രൂപയും കായികോപകരണങ്ങള്ക്ക് 31 കോടിയും ചേര്‍ത്ത് ആകെ271 കോടി രൂപയാണ് ചെലവ്. ബാക്കി തുക ചെലവഴിക്കുന്ന കണക്കുകള്‍ അറിയില്ല.
റെസ്ലിംഗ്, വോളിബോള്‍, ജിംനാസ്റ്റിക്, ഷൂട്ടിംഗ്, തായ്ക്കോണ്ട, ഡൈവിംഗ് ബോര്‍ഡ്, ഫെന്‍സിംഗ്, യാട്ടിംഗ്, ഹോക്കിബാള്, ഖോഖോ മാറ്റ് എന്നിവ ഇതുവരെയും എത്തിയിട്ടില്ല. ആറ്റിങ്ങലിലെ ശ്രീപാദം സ്റ്റേഡിയത്തില്‍ ഖോഖോ മത്സരത്തിനായുള്ള മാറ്റ് ഇല്ലാതെയാണ് കായികതാരങ്ങള്‍ പ്രാക്ടീസ് നടത്തുന്നത്. ഇവര്‍ക്ക് മാറ്റു വരുമ്പോള്‍ മത്സരത്തില്‍ പങ്കെടുക്കുന്നത് ബുദ്ധിമുട്ടാകും. മാച്ചിനാവശ്യമായ താത്ക്കാലിക ഷെഡുപോലും ഇവിടെ സ്ഥാപിച്ചിട്ടില്ല. തൃശൂര്‍ തൃപ്രയാറില്‍ നടക്കുന്ന ബോക്സിംഗ് മത്സരത്തിനെത്തിയിരിക്കുന്ന സാധന സാമഗ്രികള്‍ ഡ്യൂപ്ലിക്കേറ്റും രണ്ടാംതരവുമാണെന്നുള്ള ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഉദ്ഘാടന-സമാപന ചടങ്ങുകള്‍ക്ക് കോടികളുടെ ധൂര്‍ത്ത്
ഉദ്ഘാടന സമാപന കലാപരിപാടികള്‍ക്ക് 15.5 കോടിയാണ് ചെലവ്. അഞ്ചുകോടി രൂപയുടെ സാംസ്കാരിക പരിപാടികള്‍ വേറെയും. പുതുതായി നിര്‍മ്മിച്ച സ്റ്റേഡിയത്തില്‍ കലാപരിപാടികള്‍ക്കായി ലൈറ്റ് എക്യുപ്മെന്റ്സ് സ്ഥാപിക്കുന്നതിനുവേണ്ടി 2.65 കോടി രൂപയും എല്‍ഇഡി വാള് ഡിസ്പ്ലേയ്ക്ക് വേണ്ടി 2.26 കോടി രൂപയും പ്രോട്ടോകോള്‍ ഇവന്റ്സിന് 4.85 ലക്ഷം രൂപയും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഡെക്കറേഷന് ചെയ്യുന്നതിനും വേദി നിര്‍മ്മിക്കുന്നതിനുമായി 83.88 ലക്ഷം രൂപ വീണ്ടും ചെലവാക്കി. ആര്‍ട്ട് ഡയറക്ടറിന് 5 ലക്ഷം രൂപയും ദീപം തെളിയിക്കല്‍ ചടങ്ങിന് 41.29 ലക്ഷം രൂപയും വീഡിയോ ഷൂട്ടിംഗ് എക്യുപ്പ്മെന്റ്സിന് 12ലക്ഷം രൂപയും വീഡിയോ ടീമിന് 48.2 ലക്ഷം രൂപയും കലാപരിപാടികളുടെ ക്രിയേറ്റീവ് ഡയറക്ടര്‍ക്ക് 45ലക്ഷം രൂപയുമാണ് നല്‍കുന്നത്.
30 മിനിറ്റ് നീണ്ടു നില്ക്കുന്ന കലാപരിപാടികള്‍ നടത്തുന്നതിനായി 1.80കോടി രൂപയാണ് ചെലവഴിക്കുന്നത്. പ്രശസ്ത നര്‍ത്തകിയുടെ ടീമിന് സമാപന ചടങ്ങിന് നല്‍കുന്നത് 25ലക്ഷം രൂപയാണ്. 45 മിനിറ്റ് നേരം നീണ്ടുനില്‍ക്കുന്ന 5 പാട്ടുകള്‍ സംവിധാനം ചെയ്യുന്നതിന് ഒരു സംഗീത സംവിധായകന് നല്‍കുന്നത് 20ലക്ഷം രൂപയാണ്. ആദ്യടീമായ മണിപ്പൂരും ജമ്മുകാശ്മീരും എത്തിയപ്പോള്‍ ഗെയിംസ് വില്ലേജില്‍ താമസിപ്പിക്കാന്‍ കഴിയാതെ സംഘാങ്ങള്‍ നെട്ടോട്ടം ഓടുകയും താമസ സ്ഥലങ്ങള്‍ തേടുകയും ചെയ്യുന്ന അവസ്ഥയാണ്.
പാസ് വിതരണത്തിലും വന്‍ അഴിമതി
ഉദ്ഘാടന ചടങ്ങിന്റെ പാസുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയാണ് നടക്കുന്നത്. പാസ് കോണ്‍ഗ്രസ് ഓഫീസുകള്‍ വഴി കാശ് വാങ്ങി വില്ക്കുന്നുവെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. 47300 പാസ് ആണ് ഗെയിംസ് സെക്രട്ടേറിയേറ്റ് പ്രിന്റ് ചെയ്തതായി പറയുന്നതെങ്കിലും ഒരു ലക്ഷത്തിലധികം പാസ് പ്രിന്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഏറിയ പങ്കും കോണ്‍ഗ്രസ് ഓഫീസുകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. നഗരത്തിലെ ഒരു കോണ്‍ഗ്രസ് എംഎല്‍എ 5000 പാസ്സാണ് കൈക്കലാക്കിയത്. കാര്യവട്ടം സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ദിവസം പാസ് നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് ഉദ്ഘാടന ചടങ്ങിലേക്ക് നാട്ടുകാരെ പങ്കെടുപ്പിച്ചത്. പൊതുജനങ്ങള്‍ക്ക് ഇതുവരെയും പാസ് വിതരണം തുടങ്ങിയിട്ടില്ല.
ടീം സെലക്ഷനിലും അപാകത
ഗെയിംസിന്റെ കേരള ടീമുകളുടെ സെലക്ഷനെ സംബന്ധിച്ച് വന്‍ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അത്ലറ്റുകളുടെ സെലക്ഷനുമായി ബന്ധപ്പെട്ട് പി.ടി. ഉഷ അസംതൃപ്തി രേഖപ്പെടുത്തി. വനിതാ വോളിബാള്‍ ടീമം തെരഞ്ഞെടുപ്പില്‍ ഏഷ്യന്‍ ഗെയിംസില്‍ കളിച്ചിട്ടുള്ള ശ്രുതിമോള്‍, അഞ്ജു ബാലകൃഷ്ണന്, രേശ്മ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് വെളിപ്പെടുത്തിയതിനാല്‍ ഇവര്‍ക്ക് വോളിബോള്‍ അസോസിയേഷന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. വനിതാ ബീച്ച് ബാള്‍ ടീമിന്റെ സെലക്ഷനെ സംബന്ധിച്ചും പരാതിയുണ്ട്. 10 പേരുള്ള ലാണ് ബാള്‍ ടീമിലെ ആറ് പേര് വരുന്നത് ഒരു കുടുംബത്തില്‍ നിന്നാണ്.
ദേശീയ ഗെയിംസ് കോണ്‍ഗ്രസ്സിന്റെ മേളയാക്കി മാറ്റിയിരിക്കുകയാണെന്നും ഗെയിംസ് നടത്തിപ്പ് വന്‍ അഴിമതിയാണെന്നും വി.ശിവന്‍കുട്ടി എംഎല്‍എ പറയുന്നു. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും രേഖാമൂലം പരാതി നല്‍കിയിട്ടുണ്ടെന്നും, എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ തയ്യാറാവാത്തത് അഴിമതിക്കു കൂട്ടുനില്ക്കുന്നതുകൊണ്ടാണെന്നും എംഎല്‍എ പറയുന്നു.
















