മെല്‍ബണ്‍: ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് നല്കുന്ന അലന് ബോര്‍ഡര്‍ പുരസ്കാരത്തിന് ഇത്തവണ സ്റ്റീവ് സ്മിത്ത് അര്‍ഹനായി. കഴിഞ്ഞ സീസണിലെ മികച്ച ഫോമാണ് സ്മിത്തിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
മൈക്കിള്‍ ക്ലാര്‍ക്കാണ് ഈ പുരസ്കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം. 2005-ല്‍ തന്റെ 23-ാം വയസിലായിരുന്നു ക്ലാര്‍ക്കിന്റെ നേട്ടം.25-കാരനായ സ്മിത്ത് ഈ പട്ടികയില്‍ രണ്ടാമതാണ്. 2014-ലെ ഓസ്ട്രേലിയയുടെ മികച്ച ടെസ്റ്റ്-ഏകദിന താരമായും സ്മിത്തിനെ തെരഞ്ഞെടുത്തു.
ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്സ്വെല്, ആരോണ്‍ ഫിഞ്ച്, മിച്ചല്‍ ജോണ്സണ് എന്നിവരാണ് പുരസ്കാരത്തിനായി അന്തിമ പട്ടികയില്‍ സ്ഥാനം പിടിച്ചവര്‍. 243 വോട്ട് നേടിയ സ്മിത്ത് എതിരാളികളെ ബഹുദൂരം പിന്നിലാക്കി. രണ്ടാം സ്ഥാനത്തുള്ള വാര്‍ണര്‍ക്ക് 175 വോട്ടുകള്‍ ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം മികച്ച ഫോമിലായിരുന്ന സ്മിത്ത് ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നാല് സെഞ്ചുറികള്‍ അടക്കം 729 റണ്‍സാണ് അടിച്ചുകൂട്ടിയത്. 12 ഏകദിനങ്ങള്‍ കഴിഞ്ഞ വര്‍ഷം കളിച്ച സ്മിത്ത് 49.18 ശരാശരിയില്‍ 541 റണ്‍സ് നേടി. രണ്ടു സെഞ്ചുറികളും മൂന്ന് അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.
















