സിഡ്‌നി: ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ഓസ്‌ട്രേലിയയും ദക്ഷിണകൊറിയയും കൊമ്പുകോര്‍ക്കും. ഇന്നലെ നടന്ന രണ്ടാം സെമിയില്‍ ഓസീസ് ടീം യുഎഇയെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വീഴ്‌ത്തി.
കളിയുടെ ആദ്യ നിമിഷങ്ങളില്‍ ട്രന്റ് സൈന്‍സ്‌ബെറി (3-ാം മിനിറ്റ്) ജാസന്‍ ഡേവിഡ്‌സണ്‍ എന്നിവര്‍ സോക്കെറൂസിന്റെ ഗോളുകള്‍ക്ക് പിറവികൊടുത്തു.
ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ പ്രകടിപ്പിക്കാന്‍ കഴിയാതെപോയ ഒഴുക്കിലേക്ക് തിരിച്ചുവന്ന ഓസ്‌ട്രേലിയ സ്വന്തം കാണികള്‍ക്കു മുന്നില്‍ അപ്രമാദിത്വം കാത്തു. ഓസീസ് സൂപ്പര്‍ താരം ടിം കാഹിലിനെ പൂട്ടാന്‍ യുഎഇയ്‌ക്കു ഒരു പരിധിവരെ സാധിച്ചു. എങ്കിലും റോബി ക്രൂസിന്റെ കേളീമികവ് ഓസ്‌ട്രേലിയന്‍ പടയുടെ നീക്കങ്ങള്‍ക്ക് ചടുലതപകര്‍ന്നു.
മാര്‍ക്കര്‍മാരുടെ ഇടയില്‍ നിന്ന കാഹിലിനു മുകളിലൂടെ മാസിമോ ലൗന്‍ഗോ തൊടുത്ത കോര്‍ണര്‍ സൈന്‍സ്‌ബെറി യുഎഇയുടെ വലയിലേക്ക് തിരിച്ചു (1-0).
യുഎഇ പെനാല്‍റ്റി ഏരിയയിലുണ്ടായ കൂട്ടപ്പൊരിച്ചിലില്‍ നിന്നായിരുന്നു രണ്ടാമത്തെ ഗോളിന്റെ വരവ്. ഇവാന്‍ ഫ്രാന്‍ജിച്ചിന്റെ ക്രോസ് എത്തുമ്പോള്‍ യുഎഇ പ്രതിരോധം ഏറെ പണിപ്പെട്ടു. കാഹിലിന്റെയും മാത്യൂ ലെക്കിയുടെയും ഷോട്ടുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ടെങ്കിലും പന്തു പിടിച്ച ലൗന്‍ഗോ ഡേവിഡ്‌സണിനു മറിച്ചു.
പത്തുവാര അകലെ നിന്ന് ഡേവിഡ്‌സണ്‍ സ്‌കോര്‍ ചെയ്തു (2-0). അന്ത്യനിമിഷങ്ങളില്‍ കണക്കുകള്‍ തീര്‍ക്കാന്‍ യുഎഇ കിണഞ്ഞു ശ്രമിച്ചെങ്കിലും ഓസ്‌ട്രേലിയന്‍ പ്രതിരോധം ഉറച്ചുനിന്നു. കഴിഞ്ഞദിവസം നടന്ന ആദ്യ സെമിയില്‍ ഇറാഖിനെയാണ് കൊറിയ നാട്ടിലേക്കു പറഞ്ഞുവിട്ടത് (2-0). ജുങ് യുബ് ലിയും (20-ാം മിനിറ്റ്), യങ് വോന്‍ കിമ്മും (50) കൊറിയയുടെ ഗോള്‍ വേട്ടക്കാര്‍.
















