മാഡ്രിഡ്: സ്പാനിഷ് ലീഗ് മത്സരത്തിനിടെ എതിര്‍ താരത്തെ തൊഴിച്ച റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് തുറപ്പുചീട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ശിക്ഷിക്കണമായിരുന്നെന്ന് ബാഴ്‌സലോണ സ്റ്റാര്‍ നെയ്‌മര്‍.
കളിക്കിടെ പ്രകോപിപ്പിക്കപ്പെടുകയും ചൊടിപ്പിക്കപ്പെടുകയുമൊക്കെ ചെയ്യാം. അപ്പോള്‍ ആത്മനിയന്ത്രണം പാലിക്കണം. ഒരു സാഹചര്യത്തിലും അക്രമം പാടില്ല. ക്രിസ്റ്റ്യാനോയെ ശിക്ഷിക്കേണ്ടതായിരുന്നു, നെയ്‌മര്‍ പറഞ്ഞു.
കൊര്‍ഡോബയ്‌ക്കെതിരായ മത്സരത്തിനിടെയാണ് ക്രിസ്റ്റ്യാനോ എതിര്‍ പ്രതിരോധഭടന്‍ എഡിമറെ ആക്രമിച്ചത്. താരത്തിന് ഉടന്‍ ചുവപ്പ് കാര്‍ഡ് നല്‍കുകയും ചെയ്തു. എന്നാല്‍ ക്രിസ്റ്റ്യാനോയ്‌ക്ക് മൂന്നു മത്സരങ്ങളിലെങ്കിലും വിലക്കു ലഭിക്കേണ്ടതായിരുന്നെന്ന് വിലയിരുത്തപ്പെടുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ റയല്‍ സോഷിഡാഡ്, അത്‌ലറ്റിക്കോ മാഡ്രിഡ്, സെവിയ എന്നിവയോടുള്ള മത്സരങ്ങള്‍ ക്രിസ്റ്റ്യാനോയ്‌ക്ക് നഷ്ടപ്പെട്ടേനെ.
ലീഗ് പോരാട്ടം കടുത്ത സാഹചര്യത്തില്‍ റയല്‍ നിരയിലെ പ്രമുഖന്റെ അഭാവം പരമ്പരാഗത വൈരികളായ ബാഴ്‌സലോണയ്‌ക്ക് ചിലപ്പോള്‍ ഗുണമുണ്ടാക്കുമായിരുന്നു. ഒന്നാം സ്ഥാനത്തുള്ള റയലിനെക്കാള്‍ (48) ഒരു പോയിന്റിന് മാത്രം പിന്നിലാണ് ബാഴ്‌സയിപ്പോള്‍.
















