മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ഇക്കുറി തനിക്കു കിരീട പ്രതീക്ഷയില്ലെന്ന് സ്പാനിഷ് പ്രതിഭ റാഫേല്‍ നദാല്‍ വിലയിരുത്തിയിരുന്നു. മോശംഫോമും കായികക്ഷമതയുടെ അഭാവവുമെല്ലാം റാഫയെ ഏറെ നിരാശനാക്കി. നദാലിന്റെ പ്രയാണം എതുവരെയെന്നാണ് കടുത്ത ആരാധകര്‍പോലും ഉറ്റുനോക്കിയത്. ഒടുവില്‍ അതിന് ഉത്തരംകിട്ടി.
ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചിനോട് 6-2, 6-0, 7-6 എന്ന സ്‌കോറിന് റാക്കറ്റ് താഴ്‌ത്തിയ നദാല്‍ സീസണിലെ ആദ്യ ഗ്രാന്റ് സ്ലാമില്‍ നിന്ന് പുറത്തേക്കു വഴിതേടി. തുടര്‍ച്ചയായ 17 തവണ ബെര്‍ഡിച്ചിനെ മുട്ടുകുത്തിച്ച നദാലിന്റെ റെക്കോര്‍ഡ് പ്രയാണത്തിനും ഇതോടെ അന്ത്യം.
മെല്‍ബണിലെ കോര്‍ട്ടില്‍ ഒന്നും നദാലിന്റെ വഴിക്കു വന്നില്ല. സമ്മര്‍ദ്ദത്തിന് അടിപ്പെട്ട് നിരന്തരം പിഴവുകള്‍ വരുത്തിയ നദാല്‍ ബെര്‍ഡിച്ചിന് കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുത്തു. തുടര്‍ച്ചയായ 9 ഗെയിമുകള്‍ കളഞ്ഞുകുളിച്ച നദാല്‍ താന്‍ എത്ര ദുര്‍ബലനായിത്തീര്‍ന്നിരിക്കുന്നെന്ന് വിളിച്ചോതി. മറുവശത്ത് ആദ്യസര്‍വ്വുകളില്‍ 82 ശതമാനവും കൃത്യമായി തൊടുത്ത ബെര്‍ഡിച്ച് 46 വിന്നറുകളും സ്വന്തം പേരിലെഴുതി.
മറ്റൊരു ക്വാര്‍ട്ടറില്‍ ആതിഥേയ പ്രതീക്ഷ നിക്ക് കിര്‍ഗിസിനെ അനായാസം മലര്‍ത്തിയടിച്ച് ബ്രിട്ടീഷ് സ്റ്റാര്‍ ആന്‍ഡിമുറെ ബെര്‍ഡിച്ചുമായി സെമി ഫൈനല്‍ അങ്കത്തിന്റെ നാള്‍ കുറിച്ചു (6-3, 7-6 6-3).
വനിതകളില്‍ റഷ്യന്‍ ഗ്ലാമര്‍ ഗേള്‍ മരിയ ഷറപ്പോവ അവസാന നാലില്‍ ഇടംനേടിയെടുത്തു. ക്വാര്‍ട്ടറില്‍ ഷറപ്പോവ കാനഡയുടെ യൂജിന്‍ ബൗച്ചാര്‍ഡിന്റെ അട്ടിമറി മോഹങ്ങള്‍ പൊളിച്ചു, സ്‌കോര്‍:6-3, 6-3. റൊമാനിയയുടെ സിമോണെ ഹാലെപ്പിന് മടക്കടിക്കറ്റ് നല്‍കിയ എകാതറീന മകറോവ (റഷ്യ) സെമിയില്‍ ഷറപ്പോവയുടെ എതിരാളി. 6-4, 6-0 എന്ന സ്‌കോറിനായിരുന്നു മകറോവ ഹാലെപ്പിനെ പുറത്തേക്കടിച്ചത്.
















