ലണ്ടന്‍: മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പുകേറ്റുന്നതും ഭവാന്.. ചെല്‍സിയുടെ വിഖ്യാത കോച്ച് ഹോസെ മൗറിഞ്ഞോയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ കളിയാശാന് മാനുവേല്‍ പെല്ലഗ്രിനിയും ലണ്ടനിലെ തെരുവുകളില്‍ ഈ വരികള്‍ പാടി നടക്കുന്നുണ്ടാവും. അത്രയ്ക്കുണ്ട് എഫ്എ കപ്പിന്റെ നാലാം റൗണ്ടില്‍ രണ്ടു ടീമുകള്‍ക്കും കിട്ടിയ ആഘാതത്തിന്റെ ആഴം. മാഞ്ചസ്റ്റര്‍ സിറ്റി മിഡില്‍സ്ബ്രോയോട് മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സുല്ലിട്ടപ്പോള്‍ ബ്രാഡ്ഫോര്‍ഡ് സിറ്റിയോട് ചെല്‍സി 4-2ന് തോറ്റുതുന്നംപാടി. രണ്ടു വമ്പന്മാരുടെ എഫ്എ കപ്പ് പ്രയാണവും ഇതോടെ അവസാനിച്ചു.
സ്വന്തം തട്ടകത്തില്‍ ചെല്‍സിയുടെ തോല്‍വിയായിരുന്നു പരമ ദയനീയം. ഗ്യാരി കാഹിലും റാമിറെസും നേടിയ ഗോളുകള്‍ക്ക് നീലപ്പട 2-0ത്തിന് മുന്നില്‍ക്കയറിയതാണ്. പക്ഷേ, ജൊനാതന്‍ സ്റ്റെഡ്, ഫിലിപ്പെ മൊറെയ്സ്, ആന്‍ഡി ഹാലിഡെ, മാര്‍ക്ക് ഈറ്റസ് എന്നിവരുടെ സ്ട്രൈക്കുകളിലൂടെ ബ്രാഡ്ഫോര്‍ഡ് ക്ലബ്ബ് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് സൃഷ്ടിച്ചു.
ലിവര്‍പൂളിനെതിരായ ലീഗ് കപ്പ് മത്സരത്തിനിറങ്ങിയ ടീമില്‍ ഒമ്പത് മാറ്റങ്ങള്‍ വരുത്തി ചെല്‍സി സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ പന്തു തട്ടാനിറങ്ങി. ഈഡന് ഹസാര്‍ഡും സെസ്ക് ഫാബ്രെഗസും ബ്ലൂസ് നിരയില്‍ ഇടംപിടിച്ചു. 21-ാം മിനിറ്റില്‍ ഓസ്കറിന്റെ കോര്‍ണര്‍ വലയിലേക്ക് തിരിച്ച് കാഹില്‍ ചെല്‍സിക്ക് കന്നി ഗോള്‍ നല്കി (1-0). 17 മിനിറ്റുകള്‍ക്ക് ശേഷം മുഹമ്മദ് സലായ്ക്ക് പന്ത് കൈമാറി മുന്നേറിയ റാമറസ് നല്ലൊരടിയിലൂടെ ചെല്‍സിയുടെ ലീഡ് ഇരട്ടിപ്പിച്ചു (2-0). ആദ്യ പകുതിയവസാനിക്കുന്നതിന് മുന്‍പ് ബ്രാഡ്ഫോര്‍ഡ് ഒരെണ്ണം മടക്കി. സ്റ്റെഡിന്റെ കരുത്തുറ്റ ഇടംകാലന്‍ ഷോട്ട് തടുക്കാനുള്ള ശേഷി പീറ്റര്‍ ചെക്കിനുണ്ടായിരുന്നില്ല (2-1).
രണ്ടാം പകുതിയില്‍ കളിയുടെ ചിത്രം പാടേ മാറ്റിമറിക്കപ്പെട്ടു. ബ്രാഡ്ഫോര്‍ഡ് സംഘം ആത്മവിശ്വാസത്തോടെ തുടങ്ങി. 75-ാം മിനിറ്റില്‍ ചെല്‍സി ശരിക്കും ഞെട്ടുകതന്നെ ചെയ്തു. ജയിംസ് മെറെഡിത്തിന്റെ ലോങ് ത്രോ കൈകാര്യം ചെയ്യുന്നതില്‍ ചെല്‍സിക്ക് പിഴച്ചു. നോട്ടിന്റെ അടി ചെക്ക് തടുത്തെങ്കിലും റീ ബൗണ്ടില്‍ മൊറെയ്സ് ലക്ഷ്യംകണ്ടു. പിന്നെ സ്റ്റെഡിന്റെ നീക്കങ്ങള്‍ മുതലാക്കിയ ഹാലിഡെയും (82) യീറ്റസും (90+) മൂര്‍ച്ചകാട്ടിയ വേളകളില്‍ ചെല്‍സിയുടെ മുറ്റത്ത് രണ്ടാംനിര ടീമായ ബ്രാഡ്ഫോര്‍ഡിന്റെ ജയഭേരി.
മാഞ്ചസ്റ്റര്‍ സിറ്റിയും സ്വന്തം മൈതാനത്ത് തന്നെയാണ് മിഡില്‍സ്ബ്രോയെ നേരിട്ടത്. മുന്നേറ്റ, പ്രതിരോധ നിരകള്‍ പാടെ നിറംമങ്ങിയപ്പോള്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ തോറ്റ് കരകയറി. 53-ാം മിനിറ്റില്‍ പാട്രിക് ബാംഫോര്‍ഡ് സിറ്റിയുടെ ഹൃദയത്തില്‍ ആദ്യ ആണിയടിച്ചു. ഇഞ്ചുറി ടൈമില്‍ കികെയുടെ ഗോള്‍ വന്നതും സിറ്റിക്ക് അകാല ചരമം.
മറ്റൊരു മത്സരത്തില്‍ ലിവര്‍പൂളിനെ ബോള്ട്ടന് വാണ്ടറേഴ്സ് ഗോള്‍ രഹിത സമനിലയില്‍ തളച്ചു. ഗോളി ആദം ബോഗ്ദാന്റെ നേതൃത്വത്തിലെ പ്രതിരോധപ്പൂട്ടാണ് ലിവറിനെ കുടുക്കാന്‍ ബോള്‍ട്ടനെ സഹായിച്ചത്.
















