തിരുവനന്തപുരം: സെക്രട്ടേറിയറ്റിനുമുന്നില്‍ നടക്കുന്ന സമരങ്ങളില്‍ ഭൂരിഭാഗവും വഞ്ചിക്കപ്പെട്ടവരുടെ സമരങ്ങളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന 24 മണിക്കൂര്‍ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെഎസ്ആര്‍ടിസി ഡ്രൈവര്‍ തസ്തികയിലേക്ക് 22,000 പേരുടെ റാങ്ക്ലിസ്റ്റ് നിലവില്‍വന്നു.
എന്നാല്‍ 3000 പേരെ മാത്രമാണ് നിയമിച്ചത്. 5000ത്തിലേറെ ഒഴിവുണ്ടായിട്ടും നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്നെടുക്കാതെ പുതിയ വിജ്ഞാപനം ഇറക്കിയത് എന്ത് അടിസ്ഥാനത്തിലെന്ന് അറിയാം.
നഴ്സുമാരുടെ സമരവും അനിശ്ചിതമായി തുടരുന്നു. പിഎസ്സി റാങ്ക് ഹോള്‍ഡര്‍മാര്‍ സര്‍ക്കാരിന്റെ നിലപാടുമൂലം നിരന്തരമായി വഞ്ചിതരാകുന്നു. ഒഴിവുകള്‍ ഉണ്ടായിട്ടും മറുവശത്ത് പിന്‍വാതില്‍ നിയമനം നടക്കുന്നു.
അഴിമതിയുടെ കൂട്ടയോട്ടമാണ് കഴിഞ്ഞദിവസം നടന്നത്. അഴിമതിക്കാരെ ഓടിച്ച് കേരളത്തിന് പുറത്താക്കണം. നിരാഹാരസമരങ്ങള്ക്ക് ഇന്നും ജനപിന്തുണയുണ്ട്. ആ ജനമനസിനുമുന്നില് അധികാരികള്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ല. ഈ സമരത്തിന് ബിജെപിയുടെ സമ്പൂര്‍ണ പിന്തുണയുണ്ടാകും. നീതി പുലരണം എന്നാഗ്രഹിക്കുന്നവരുടെയും
പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും കൂട്ടായ്മ വളര്‍ന്നുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈസമരം തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായിട്ടും നിയമനങ്ങള്‍ വില്പന നടത്തുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാനപ്രസിഡന്റ് സുധീര്‍ പറഞ്ഞു. പുതിയ വിജ്ഞാപനം പിന്‍വലിച്ച് നിലവിലുള്ള ലിസ്റ്റില്‍ നിന്ന് പരമാവധിപേരെ നിയമിക്കണമെന്നും സുധീര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: