സീനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ അലീഷയും വെള്ളി നേടിയ എം.വി വര്‍ഷയും
റാഞ്ചി: അറുപതാമത് ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിന്റെ ആദ്യദിനത്തില്‍ കേരളം കുതിപ്പ് തുടങ്ങി. ആദ്യദിവസത്തെ ഏഴ് ഫൈനലുകളില്‍ മൂന്ന് സ്വര്‍ണ്ണം നേടിയാണ് കേരളം തുടര്‍ച്ചയായ 18-ാം കിരീടം ലക്ഷ്യമാക്കി പ്രയാണം ആരംഭിച്ചത്.
കൂടാതെ മൂന്ന് വെള്ളിയും ഒരു വെങ്കലവും കേരളം സ്വന്തമാക്കിയിട്ടുണ്ട്. 16 പോയിന്റാണ് കേരളം നേടിയിട്ടുള്ളത്. ഒരു സ്വര്‍ണ്ണവും ഒരു വെള്ളിയും ഒരു വെങ്കലവുമടക്കം ആറ് പോയിന്റ് നേടിയ പഞ്ചാബാണ് രണ്ടാം സ്ഥാനത്ത്. ഒരു സ്വര്‍ണ്ണം വീതം നേടിയ മഹാരാഷ്ട്രയും വിദ്യാഭാരതിയുമാണ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇന്നലെ നടന്ന മൂവായിരം മീറ്ററിലാണ് കേരളത്തിന്റെ മൂന്ന് സ്വര്‍ണ്ണവും വെള്ളിയും. വെങ്കല മെഡല്‍ ഹൈജമ്പില്‍ നിന്നും.
റെക്കോര്‍ഡുകള്‍ക്ക് കനത്ത ക്ഷാമമാണ് ആദ്യദിനം നേരിട്ടത്. ഒരു റെക്കോര്‍ഡ് മാത്രമാണ് ഇന്നലെ മീറ്റില്‍ പിറവിയെടുത്തത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ ആസാമില്‍ നിന്നുള്ള ലെയ്മന്‍ നര്‍സാരിയാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്.
സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സ്വര്‍ണ്ണം നേടി അലീഷ. പി.ആര് ആണ് കേരളത്തിനായി ആദ്യ സ്വര്‍ണ്ണം നേടിയത്. ഈയിനത്തില്‍ കേരളത്തിന്റെ തന്നെ എം.വി. വര്‍ഷ വെള്ളിയും കരസ്ഥമാക്കി. ഉച്ചക്ക് ശേഷം നടന്ന ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ആതിര കെ.ആര്. സ്വര്‍ണ്ണം നിലനിര്‍ത്തിയപ്പോള്‍ അനുമോള്‍ തമ്പി വെള്ളിയും സ്വന്തമാക്കി.
ജൂനിയര്‍ ആണ്‍കുട്ടികളുടെ ഇതേയിനത്തില്‍ ബിബിന്‍ ജോര്‍ജിലൂടെയാണ് കേരളത്തിന് മൂന്നാം സ്വര്‍ണ്ണം സ്വന്തമായത്. അവസാന 80 മീറ്റര്‍ വരെ നാലാം സ്ഥാനത്തായിരുന്ന ബിബിന്‍ ജോര്‍ജ് പിന്നീട് ഉജ്ജ്വലമായ കുതിപ്പിലൂടെ മറ്റൊരു മലയാളി താരമായ പി.എന്‍. അജിത്തിനെ വെള്ളിമെഡലിലേക്ക് പിന്തള്ളി പൊന്നണിഞ്ഞു. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ റുബീന. കെ.എയാണ് 1.58 മീറ്റര്‍ ചാടി വെങ്കലം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: