വാഷിംഗ്ടണ്‍: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ പ്രസിഡന്റ് ബറാക് ഒബാമ ഭാരതത്തിലെത്തുമ്പോള്‍ ഭീകരാക്രമണം നടത്തരുതെന്ന് പാകിസ്ഥാന് അമേരിക്ക മുന്നറിയിപ്പ് നല്കി.
ഭാരതാതിര്‍ത്തിയില്‍ പ്രകോപനപരമായ നടപടികള്‍ ഉണ്ടാവരുതെന്നും അമേരിക്ക വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാല്‍ അതിന്റെ അനന്തരഫലങ്ങള്‍ വലുതായിരിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്കി. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച ഒബാമ ഭാരതത്തിലെത്തും.
മുമ്പ് അമേരിക്കയില്‍ നിന്നുള്ള ഉന്നത നേതാക്കള്‍ ഇന്ത്യയിലെത്തിയപ്പോഴെല്ലാം പാകിസ്ഥാനില്‍ നിന്നുള്ള ഭീകരവാദ സംഘടനകള്‍ ആക്രമണം നടത്തിയ ചരിത്രമുണ്ട്. രണ്ടായിരമാണ്ടില്‍ ബില്‍ ക്ളിന്റണ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ തീവ്രവാദികള്‍ ജമ്മുകാശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ 36 സിക്കുകാരെ വെടിവച്ചു കൊന്നിരുന്നു.
അതേസമയം ഒബാമയുടെ സന്ദര്‍ശനം പ്രമാണിച്ച് അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാജ്പഥിലെ വി.വി.ഐ.പികളുടെ ഇരിപ്പിടങ്ങള്‍ക്ക് ചുറ്റും ഏഴ് തലങ്ങളിലുള്ള സുരക്ഷാ വലയമൊരുക്കിയായിരിക്കും കാവല്‍മതില്‍ തീര്‍ക്കുക.
എസ്.പി.ജിയുടെയും അമേരിക്കന്‍ സീക്രട്ട് സര്‍വീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരായിരിക്കും വി.വി.ഐ.പികള്‍ക്ക് ചുറ്റുമുള്ള ഏറ്റവും അടുത്ത രണ്ട് വലയങ്ങളില്‍ നിലയുറപ്പിക്കുക. ഈ മേഖലയിലെ വ്യോമ ഗതാഗതം പരിശോധിക്കുന്നതിന് റഡാറും സ്ഥാപിക്കും.
ദല്‍ഹി പൊലീസിന്റെ 80,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ 20,000 സമാന്തരസൈനിക ഉദ്യോഗസ്ഥരെയും ഹരിയാന, രാജസ്ഥാന് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരെയും രാജ്പഥിന് അഞ്ച് കി.മീ ചുറ്റളവില്‍ മാത്രം വിന്യസിക്കും. തലസ്ഥാനത്ത് ആകെ 15000 സി.സി.ടി.വി കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: