151. കാമജനതീഃ – കാമദേവനു ജന്മം കൊടുത്തവള്‍. ശിവന്റെ നേത്രാഗ്നിയില്‍ എരിഞ്ഞുപോയ കാമ േദവന്‍ ദേവി ഭര്‍ത്താവായ ശിവനെ കടാക്ഷിച്ചപ്പോള്‍ ആ നോട്ടത്തില്‍ നിന്നു വീണ്ടും ജനിച്ചതായി ലളിതോപാഖ്യാനം. മഹാവിഷ്ണു ശ്രീകൃഷ്ണനായി അവതരിച്ചപ്പോള്‍ മഹാലക്ഷ്മി രുഗ്മിണീദേവിയായി ജനിച്ചു. ശ്രീകൃഷ്ണന്റെയും രുഗ്മിണിയുടെയും പുത്രനായ പ്രദ്യുമ്‌നയായി കാമദേവന്‍ ജനിച്ചു. ഇങ്ങനെ രണ്ടുവിധത്തില്‍ ദേവി കാമജനനിയായി.
മനുഷ്യരുടെ മനസ്സില്‍ പലതരത്തിലുള്ള കാമങ്ങള്‍ ജനിപ്പിച്ച് അവയെ പ്രവര്‍ത്തിപ്പിക്കുന്നവള്‍ എന്നും വ്യാഖ്യാനിക്കാം. മനുഷ്യരുടെയും മറ്റു ജീവികളുടെയും മനസ്സിലുണ്ടാകുന്ന കാമങ്ങളാണ് പ്രപഞ്ചപ്രവര്‍ത്തനമായി പരണമിക്കുന്നത്. കാമങ്ങളെ ജനിപ്പിച്ച് പ്രപഞ്ചത്തെ പ്രവര്‍ത്തിപ്പിക്കുന്നവള്‍ എന്നും കാമജനനീ എന്നു നാമത്തെ വ്യാഖ്യാനിക്കാം.
152. കാമിതപ്രദാഃ – ആഗ്രഹിക്കുന്നതു നല്‍കുന്നവള്‍. മുന്‍നാമത്തിന്റെ വ്യാഖ്യാനത്തില്‍ ദേവി മനുഷ്യരുടെ ഉള്ളില്‍ കാമം ജനിപ്പിക്കുന്ന കാര്യം പറഞ്ഞു. കാമം ഒട്ടുമില്ലാത്ത അവസ്ഥ ആര്‍ക്കും ഒരിക്കലും ഉണ്ടാകാനിടയില്ല. കാമം എന്തായാലും അതു നിറവേറിയില്ലെങ്കില്‍ ദുഃഖവും നിരാശയും ഉണ്ടാകും. നിറവേറുമ്പോള്‍ തത്കാലത്തേയ്‌ക്കെങ്കിലും സുഖവും തൃപ്തിയും ആനന്ദവുമുണ്ടാകും. ആഗ്രഹങ്ങള്‍ നിറവേറാന്‍ അനുഗ്രഹിക്കുന്നവളായി ദേവിയെ സ്തുതിക്കുന്നു.
…തുടരും
















