റാഞ്ചി: ദേശീയ സ്കൂള്‍ മീറ്റിന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷത്തിന് റാഞ്ചിയിലെ ബിര്‍സമുണ്ട സ്റ്റേഡിയം ഒരുങ്ങി. തുടര്‍ച്ചയായ രണ്ടാം തവണയാണ് റാഞ്ചി ദേശീയ സ്കൂള്‍ മീറ്റിന് ആതിഥേയത്വം വഹിക്കുന്നത്. ഷഷ്ടിപൂര്‍ത്തി ആഘോഷിക്കുന്ന ദേശീയ സ്കൂള്‍ മീറ്റിനെ വന്‍ വിജയമാക്കിമാറ്റാനുള്ള ശ്രമത്തിലാണ് സംഘാടകര്‍.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കൗമാര കായികതാരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും മികച്ച സൗകര്യങ്ങളാണ് ഇത്തവണ ഇവിടെ ഒരുക്കിയിട്ടുള്ളത്. റെയില്‍വേ സ്റ്റേഷനിലെത്തുന്ന താരങ്ങളെ മീറ്റ് നടക്കുന്ന ബിര്‍സമുണ്ട സ്റ്റേഡിയം കോംപ്ലക്സിലെത്തിക്കാനായി പ്രത്യേക വാഹനങ്ങള്‍ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. യാതൊരുവിധ പരാതിക്കും ഇടനല്‍കാതെ മീറ്റ് ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് സംഘാടകര്‍.
ഗെയിംസ് വില്ലേജില്‍ ആദ്യം എത്തിയത് മഹാരാഷ്ട്ര സംഘമാണ്. പിന്നാലെ പഞ്ചാബും ദല്‍ഹിയും ഹരിയാനയുമെല്ലാം എത്തി. തൊട്ടുപിന്നാലെയാണ് കേരളവും. ഒഡീഷ, കര്‍ണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ താരങ്ങളും ഇന്നലെ തന്നെ ഗെയിംസ് വില്ലേജില്‍ എത്തിക്കഴിഞ്ഞു. ബാക്കി ടീമുകളെല്ലാം ഇന്ന് എത്തിച്ചേരും. കായിക താരങ്ങളുടെ രജിസ്ട്രേഷനും ഇന്നലെ തുടങ്ങിയിരുന്നു.
















