ബ്രസല്‍സ്: കടല്‍ക്കൊലക്കേസില്‍ ഭാരതത്തിനെതിരെ ഇറ്റലി അവതരിപ്പിച്ച പ്രമേയം യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റ് പാസാക്കി. രണ്ട് ഇറ്റാലിയന്‍ മറീനുകളെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നാണ് പ്രമേയത്തിലെ ആവശ്യം. ഇതില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച ഭാരതം പ്രമേയം പാസാക്കരുതായിരുന്നുവെന്ന് പറഞ്ഞു.
രണ്ട് ഇറ്റാലിയന്‍ നാവികര്‍ രണ്ട് ഭാരത മല്സ്യപ്രവര്ത്തകരെ വധിച്ചതുമായി ബന്ധപ്പെട്ട കേസാണ്. ആ കേസ് കോടതിയുടെ പരിഗണനയിലാണ്. മാത്രമല്ല വിഷയം ഭാരതവും ഇറ്റലിയും തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതാണ്. ഭാരതത്തിലെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി 2015 ജനുവരി 14ന് ഇറ്റാലിയന്‍ മറീന്‍ മാസി മിലിയാനോ ലത്തോറെയ്ക്ക്, ആരോഗ്യപരമായ കാരണങ്ങളാല്‍ ഇറ്റലിയില്‍ തുടരാനുള്ള സമയം മൂന്നുമാസം കൂടി നീട്ടി നല്‍കിയിട്ടുണ്ട്. രണ്ടാമത്തെ മറീന്‍ സാല്‍വത്തോറെ ഗിറോണ്‍ ദല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലാണ് താമസിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രമേയം പാസാക്കരുതെന്ന് ഭാരതം ആവശ്യപ്പെട്ടിരുന്നു. വിദേശകാര്യവക്താവ് സെയ്ദ് അക്ബറുദ്ദീന്‍ അറിയിച്ചു.
ബ്രസല്‍സിലെ ഭാരത എംബസി യൂറോപ്യന്‍ യൂണിയന് അംഗങ്ങള്‍ക്കും യൂറോപ്യന്‍ പാര്‍ലമെന്റിനും മേലും പ്രമേയം പാസാക്കരുതെന്ന് ആവശ്യപ്പെട്ട് കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
മറീനുകളെച്ചൊല്ലി ഇറ്റലിയും ഭാരതവും തമ്മിലുള്ള നയതന്ത്ര തര്‍ക്കം ഉടന്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസ്താവനയില്‍ പറയുന്നു. അകാരണമായി അവരെ തടവില്‍ വച്ചിരിക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ പ്രശ്നമാണ്. രണ്ടു മല്‍സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടതില്‍ തങ്ങള്‍ ദുഖമറിയിക്കുന്നു. അതേസമയം രണ്ടു പേരെ തടവില്‍ വച്ചിരിക്കുന്നതും ഗുരുതരമായ പ്രശ്നമാണ്.
അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. കടല്‍ക്കൊള്ളക്കാര്‍ക്കെതിരായ ഞങ്ങളുടെ പോരാട്ടവും രണ്ടു മറീഇുകളുടെ അവസ്ഥയും തമ്മില്‍ ബന്ധിപ്പിക്കേണ്ടതുണ്ട്. യൂറോപ്യന്‍ യൂണിയന് വിദേശകാര്യപ്രതിനിധി ഫെഡറിക്ക മോഗെറിനി പറഞ്ഞു. സംഭവം നടന്നത് അന്താരാഷ്ട്ര കടലിലാണെന്നും അതിനാല്‍ അന്താരാഷ്ട്ര നിയമപ്രകാരം വേണം ഇവരെ വിചാരണ ചെയ്യാനെന്നും ഇറ്റലി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: