കണ്ണൂര്‍: ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെ നടക്കുന്ന ദേശീയ ഗെയിംസിന് വേദിയാകുന്ന കണ്ണൂരിലെ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
ആറേക്കര്‍ സ്ഥലത്ത് സ്ഥാപിച്ച സ്റ്റേഡിയം ദക്ഷിണേന്ത്യയില്‍ തന്നെ മികച്ച നിലവാരത്തിലുള്ളതാണ്. 29 കോടി രൂപ വിനിയോഗിച്ച് ബിഎസ്എന്‍എല്ലിന്റെ മേല്‍നോട്ടത്തില്‍ റേ കണ്‍സ്ട്രക്ഷന്‍സാണ് സ്റ്റേഡിയം നിര്‍മ്മിച്ചത്.
3000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറി, വിഐപി ലോഞ്ച്, കളിക്കാര്‍ക്കുള്ള വിശ്രമ മുറി, വാം-അപ് ഏരിയ എന്നിവയും ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയില്‍ പത്തും മുകളിലത്തെ നിലയില്‍ ഏഴും മുറികള്‍ സജ്ജമാക്കി. ഇറക്കുമതി ചെയ്ത മേപ്പിള്‍ മരത്തിലാണ് സ്റ്റേഡിയത്തിന്റെ തറ നിര്‍മിച്ചിരിക്കുന്നത്. വിശാലമായ പാര്‍ക്കിങ് സൗകര്യവും ഉണ്ട്. ഫെബ്രുവരി 1 മുതല്‍ 4 വരെ ദേശീയ ഗെയിംസിലെ ഗുസ്തി മത്സരവും 10 മുതല്‍ 14 വരെ ബാസ്കറ്റ്ബോള്‍ മത്സരവും ഈ സ്റ്റേഡിയത്തില്‍ അരങ്ങേറും. ഗെയിംസിന് മുമ്പായി സ്റ്റേഡിയത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട അക്വാസ്റ്റിക്സ് സംവിധാനം ഒരുക്കും.
















