പനാജി: ഇന്ത്യന്‍ ഫുട്ബോളിലെ പുത്തന്‍ ശക്തികളായ ബെംഗളൂരു എഫ്സിയുടെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍. ഗോവന്‍ പ്രതിയോഗി ഡെംപോയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തറപറ്റിച്ച് അവര്‍ കന്നി ഫെഡറേഷന് കപ്പ് സ്വന്തമാക്കി. ഗോവന്‍ ആധിപത്യത്തിന് അറുതികുറിച്ച് ഐ ലീഗ് കിരീടം പാളയത്തിലെത്തിച്ച ബെംഗളൂരു സംഘത്തിന്റെ മറ്റൊരു സുപ്രധാന നേട്ടംകൂടിയായിത്.
പെനാല്‍റ്റിയിലൂടെ സുനില്‍ ഛേത്രിയും (10-ാം മിനിറ്റ്) റോബിന് സിങ്ങും (65) ജേതാക്കളുടെ ഗോളുകള്‍ പങ്കിട്ടു. തോള്ഗായ് ഒസ്ബെ (45+4) ഡെംപോയ്ക്ക് ആശ്വാസമരുളി. 2004ല്‍ ചാമ്പ്യന്മാരായ ഡെംപോ അഞ്ചാംതവണയാണ് റണ്ണറപ്പ് സ്ഥാനംകൊണ്ട് തൃപ്തിപ്പെടുന്നത്.
തണുപ്പന്‍ തുടക്കമിട്ട ഫൈനലിന്റെ ആദ്യ അരമണിക്കൂറില്‍ ഇരു ടീമുകളും ഏറെക്കുറെ ഒപ്പത്തിനൊപ്പമായിരുന്നു. എങ്കിലും ഡെംപോ പ്രതിരോധഭടന് ഹരൂണ്‍ ഫക്രുദീന്‍ യൂജെന്സെസന് ലെയ്ന്ഗോദിനെ ബോക്സിനുള്ളില്‍ ഫൗള്‍ ചെയ്തതിനു ലഭിച്ച പെനാല്‍റ്റി ഛേത്രി വലയിലെത്തിച്ചപ്പോള്‍ ബെംഗളൂരുവിന് ലീഡ് കൈവന്നു. ഇഞ്ചുറി ടൈമില്‍ ഒസ്ബെ ഡെംപോയെ ഒപ്പത്തിനെത്തിച്ച വേള ഒന്നാം പകുതിക്ക് വിസില്‍.
രണ്ടാം പകുതിയുടെ ആരംഭത്തിലും ഇരു പടകളും ഒരേ നിലവാരത്തിലായിരുന്നു. 65-ാം മിനിറ്റില്‍ റോബിന്റെ സ്ട്രൈക്ക് കളിയുടെ ഗതിമാറ്റി. മൂന്നു മിനിറ്റുകള്‍ക്കുശേഷം തോയ് സിങ്ങിനെ അപകടകരമായി ഫൗള്‍ ചെയ്ത ഡെംപോ താരം റൗവില്സന് റോഡ്രിഗസ് ചുവപ്പ് കാര്‍ഡ് വാങ്ങി. അതോടെ കളി പൂര്‍ണമായും ബെംഗളൂരുവിന്റെ വരുതിയിലെത്തുകയുംചെയ്തു. ബെംഗളൂരു ഡിഫന്‍ഡര്‍ കര്‍ട്ടിസ് ഒസാനെ കളിയിലെ കേമന്‍. ഡെംപോയുടെ റോമിയോ ഫെര്‍ണാണ്ടസാണ് ടൂര്‍ണമെന്റിന്റെ താരം.
















