ദോഹ: ദോഹ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക്ക് ഡോക്കോവിച്ച് പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏഴാം സീഡ് ക്രൊയേഷ്യയുടെ ഇവോ കാര്‍ലോവിക്കിനോട് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഡോക്കോവിച്ച് അട്ടിമറി തോല്‍വി ഏറ്റുവാങ്ങിയത്. സ്‌കോര്‍: 7-6 (7-2), 6-7 (6-8), 4-6.
ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റ് ഡോക്കോവിച്ച് സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ തിരിച്ചടിച്ച കാര്‍ലോവിക്ക് ടൈബ്രേക്കറിനൊടുവില്‍ സ്വന്തമാക്കി. മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ ഒപ്പത്തിനൊപ്പം ഇരുവരും മുന്നേറിയെങ്കിലും ഒടുവില്‍ കാര്‍ലോവിക്ക് 4-6ന് ഡോക്കോവിച്ചിനെ അട്ടിമറിച്ചു. മറ്റൊരു മത്സരത്തില്‍ നാലാം സീഡ് ഡേവിഡ് ഫെറര്‍ 6-2, 6-2 എന്ന സ്‌കോറിന് ജര്‍മ്മനിയുടെ ഡസ്റ്റിന്‍ ബ്രൗണിനെ പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചു.
ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗാസ്‌ക്കറ്റിനെ 6-2, 6-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തി ചെക്ക് താരം തോമസ് ബര്‍ഡിച്ചും അവസാന നാലില്‍ ഇടംപിടിച്ചിട്ടുണ്ട്. ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിക്കിനെ പരാജയപ്പെടുത്തി ഇറ്റലിയുടെ ആന്ദ്രെ സെപ്പിയും സെമിയിലെത്തിയിട്ടുണ്ട്. സെമിയില്‍ ഫെറര്‍ കാര്‍ലോവിക്കുമായും ആന്ദ്രെ സെപ്പി തോമസ് ബര്‍ഡിച്ചുമായും ഏറ്റുമുട്ടും.
















