തിരുവനന്തപുരം: കേരളത്തിന് വേണ്ടി ദേശീയ ഗെയിംസില്‍ പങ്കെടുക്കനുള്ള കായികതാരങ്ങളുടെ തെരഞ്ഞെടുപ്പിലും സ്വജനപക്ഷപാത സമീപനമെന്ന് ആരോപണം. ടേബിള്‍ ടെന്നീസ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന അഞ്ചംഗ ടീമില്‍നിന്ന് കേരളത്തിന്റെ അഭിമാനതാരമായ എസ്. സുന്ദറിനെ പുറത്താക്കി.
ആലപ്പുഴയില്‍ നടന്നുവരുന്ന ദേശീയ ഗെയിംസിനായുള്ള കോച്ചിങ് ക്യാമ്പില്‍ സുന്ദറിനേക്കാള്‍ പോയിന്റ് കുറവുള്ള കളിക്കാരനെയാണ് കേരളത്തിനു വേണ്ടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവസരം നഷ്ടപ്പെടുത്തിയ ടേബിള്‍ ടെന്നിസ് അധികൃതര്‍ക്കെതിരെ സുന്ദര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.കോച്ചിങ് ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്താത്തതാണ് സുന്ദറിന്റെ യോഗ്യത കുറവായി അസോസിയേഷന്‍ അധികൃതര്‍ പറയുന്നത്.
എന്നാല്‍, ഇപ്പോള്‍ കേരളത്തിനു വേണ്ടി കോര്‍ട്ടിലിറക്കുന്ന അഞ്ചംഗ ടീം ദേശീയ ഗെയിംസില്‍ ടേബിള്‍ ടെന്നീസ് കിരീടം നേടുമെന്നുറപ്പിച്ചു പറയാനും അധികൃതര്‍ക്ക് കഴിയുന്നില്ല. കേരളത്തിനു വേണ്ടി ജൂനിയര്‍, സബ്ജൂനിയര്‍ വിഭാഗങ്ങളിലടക്കം വര്‍ഷങ്ങളായി കളിച്ചുകൊണ്ടിരിക്കുന്ന സുന്ദര്‍ ദേശീയ ഗെയിംസില്‍ കേരളത്തിന്റെ ജേഴ്‌സിയണിയണമെന്ന് ആഗ്രഹിച്ചിരുന്നു. ചെന്നൈയില്‍ എഞ്ചിനീയറിങിന് പഠിക്കുന്ന സുന്ദറിനെ കേരള ടേബിള്‍ ടെന്നീസ് അസോസിയേഷനോ ആലപ്പുഴ ടേബിള്‍ ടെന്നീസ് അസോസിയേഷനോ ദേശീയ ഗെയിംസിന്റെ കോച്ചിങ് ക്യാമ്പ് ആരംഭിച്ച വിവരം ഔദ്യോഗികമായി അറിയിച്ചിരുന്നില്ല.
ദേശീയ ഗെയിംസിന്റെ കോച്ചിങ് ക്യാമ്പ് ആരംഭിക്കുന്ന വിവരം മാസങ്ങള്‍ക്കു മുമ്പ് സുന്ദറിനെ അസോസിയേഷന്‍ അധികൃതര്‍ ഫോണില്‍ അറിയിച്ചിരുന്നു. എന്നാല്‍, അപ്പോള്‍ എഞ്ചിനീയറിങ് പരീക്ഷ നടക്കുന്നുണ്ടെന്നും തനിക്ക് ക്യാമ്പില്‍ പങ്കെടുക്കാന്‍ സമയം വേണമെന്നും പറഞ്ഞിരുന്നു. പിന്നീട് ക്യാമ്പ് ആരംഭിച്ച വിവരം പോലും അറിയിച്ചില്ല.
സംസ്ഥാന ടേബിള്‍ ടെന്നീസ് റാങ്കിങില്‍ നാലാം സ്ഥാനക്കാരനാണ് സുന്ദര്‍. ഒന്നാം സ്ഥാനത്ത് സെന്തില്‍ കുമാര്‍, രണ്ടാം സ്ഥാനത്ത് അനസ് ഇര്‍ഷാദ്, മൂന്നാം സ്ഥാനത്ത് ഭരത് കൃഷ്ണന്‍, നാലാം സ്ഥാനത്ത് എസ്. സുന്ദര്‍, അഞ്ചാം സ്ഥാനത്ത് ഹരികൃഷ്ണന്‍, ആറാം സ്ഥാനത്ത് വൈശാഖ് രവി എന്നിങ്ങനെയാണ്. ഇതില്‍ ആറാം സ്ഥാനക്കാരനായ വൈശാഖ് രവിക്ക് 120 പോയിന്റാണുള്ളത്. മറ്റുള്ളവര്‍ക്ക് 130 പോയിന്റില്‍ കൂടുതലുണ്ട്.
സുന്ദറിനെ പുറത്താക്കി പകരം ടീമില്‍ ഇടം നല്‍കിയത് ആറാം സ്ഥാനക്കാരനായ വൈശാഖ് രവിക്കാണ്. ആലപ്പുഴ ടേബിള്‍ ടെന്നീസ് അസോസിയേഷനിലെ ചില തല്പരകക്ഷികളാണ് ഇതിനു പിന്നില്‍ കളിച്ചിരിക്കുന്നത്. അതിനു മറ പിടിക്കാന്‍ സംസ്ഥാന ടേബിള്‍ ടെന്നീസ് അസേസിയേഷനിലെ ഉന്നതരുമുണ്ട്. ദേശീയ ഗെയിംസില്‍ നടക്കുന്ന ടേബിള്‍ ടെന്നീസ് മത്സരം വിജയിക്കണമെന്നതിലുപരി ടീമില്‍ സ്വന്തം കക്ഷികളെ തിരുകിക്കയറ്റുന്നതിലാണ് മത്സരം നടക്കുന്നത്.
അതേസമയം ദേശീയ ഗെയിംസ് നടത്തിപ്പു പോലും തുലാസിലാക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. വെറും 21 ദിവസം കൊണ്ട് അടിസ്ഥാന സൗകര്യങ്ങളെല്ലാം പൂര്‍ത്തിയാക്കുമെന്നു പറയുമ്പോഴും അതിലെ പ്രായോഗിക വശം മനസ്സിലാകാതെ പോവുകയാണ് കായിക താരങ്ങള്‍ക്കും ജനങ്ങള്‍ക്കും.
എല്ലാ മേഖലയിലും അഴിമതിയും, സ്വജനപക്ഷപാതവും കടന്നുകൂടുന്നതിന്റെ പ്രത്യക്ഷോദാഹരണമാണ് എസ്. സുന്ദറെന്ന കേരളത്തിന്റെ അഭിമാന താരത്തിന്റെ പുറത്താകല്‍. അര്‍ഹതയുള്ള താരങ്ങള്‍ പുറത്താക്കപ്പെടുമ്പോള്‍ കേരളത്തിന്റെ വിജയപ്രതീക്ഷ പിന്നിലേക്ക് തള്ളപ്പെടുകയാണ്. ഇനിയും എത്ര ദേശീയ അന്തര്‍ദേശീയ താരങ്ങള്‍ ഗെയിംസില്‍ കേരളത്തിന്റെ ജേഴ്‌സിയണിയാന്‍ കോടതിയെ സമീപിച്ചിട്ടുണ്ട് എന്നത് വരും ദിവസങ്ങളില്‍ വെളിവാകും.
















