അമൃതാനന്ദത്തിന്റെ അരുമക്കിടാങ്ങളേ! എത്ര മധുരമായ പേര്! എത്ര ആശാവഹം! ഞാന്‍ ആ മധുരമായ പേര്‍ ചൊല്ലി നിങ്ങളെ വിളിക്കട്ടെ- അമൃതാനന്ദത്തിന്റെ അനന്തരാവകാശികള്‍ – അതേ, നിങ്ങളെ പാപികളെന്നു വിളിക്കാന്‍ ഹിന്ദു കൂട്ടാക്കുകയില്ല.
ഈശ്വരസന്താനങ്ങളാണ് നിങ്ങള്‍. അമൃതാനന്ദത്തിന്റെ പങ്കാളികള്‍, ദിവ്യന്മാര്‍, പരിപൂര്‍ണ്ണന്മാര്‍! അല്ലയോ ഭൂലോകദേവന്മാരെ നിങ്ങള്‍ പാപികളോ? അങ്ങനെ വിളിക്കുന്നതു പാപമാണ്. മനുഷ്യസ്വഭാവത്തിനുപെട്ട മാനഹാനിയാണിത്.
അല്ലയോ സിംഹങ്ങളേ, എഴുന്നേറ്റു വരുവിന്‍! ആടെന്ന ഭ്രാന്തി കുടഞ്ഞുകളയുവിന്‍! മരണം തീണ്ടാത്ത ആത്മാക്കളാണ് നിങ്ങള്‍, മുക്തന്മാര്‍, ധന്യന്മാര്‍, നിത്യന്മാര്‍. ജഡമല്ല നിങ്ങള്‍, ദേഹമല്ല നിങ്ങള്‍, ജഡം നിങ്ങളുടെ ദാസന്‍, നിങ്ങള്‍ ജഡത്തിന്റെ ദാസന്മാരല്ല.
ഇങ്ങനെയാണ് വേദങ്ങള്‍ ഉദ്‌ഘോഷിക്കുന്നത്; അല്ലാതെ നീക്കുപോക്കില്ലാത്ത നിയമങ്ങളുടെ ഒരു കൊടും ചട്ടകൂടല്ല, അറുതിയറ്റ കാര്യകാരണക്കല്‍ത്തുറുങ്കുമല്ല. പിന്നെയോ, ഈ നിയമങ്ങളുടെയെല്ലാം തലപ്പത്തും സര്‍വവസ്തുവിലും ശക്തിയിലും പരമാണു പര്യന്തം വ്യാപിച്ച് ഒരു പരമപുരുഷന്‍ നിലകൊള്ളുന്നു.
അവന്റെ കല്പനകൊണ്ടു കാറ്റു വീശുന്നു. തീ എരിയുന്നു, കാര്‍മേഘം പെയ്യുന്നു. മൃത്യു ഭൂമിയിലെങ്ങും നീളെ നടക്കുന്നു
















