ശ്രീനഗര്‍: ബിഎസ്എഫ് ജവാന്മാരുടെ തിരിച്ചടിയില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടതോടെ ഇന്ത്യയുടെ 12 പോസ്റ്റുകള്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാന് രൂക്ഷമായ വെടിവയ്പ്പ് നടത്തി. ജമ്മു കാശ്മീരിലെ രാജ്യാന്തര അതിര്‍ത്തിക്ക് സമീപമാണ് ബുധനാഴ്ച രാത്രിയോടെ പാക്കിസ്ഥാന് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഏകപക്ഷീയമായ ആക്രമണം ആരംഭിച്ചത്.
പാക് സൈന്യത്തിന്റെ മോട്ടോര്‍ ഷെല്ലാക്രമണത്തില്‍ ഒരു പ്രദേശവാസിക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. രണ്ട് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
ബുധനാഴ്ച തന്നെ ഇന്ത്യയുടെ ബിഎസ്എഫ് ജവാന്മാര് ശക്തമായി തിരിച്ചടിച്ചതില്‍ നാല് പാക് സൈനികര്‍ മരിച്ചിരുന്നു. ഒരു ബിഎസ്എഫ് ജവാനും പാക് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടിരുന്നു.
കാശ്മീരില്‍ സാംബാ ജില്ലയിലെ രാജ്യാന്തര അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ബിഎസ്എഫ് ജവാന്മാര്ക്കു നേരെയാണ് പാക് സൈന്യം പ്രകോപനം കൂടാതെ വെടിയുതിര്‍ത്തത്. രാജ്യാന്തര മര്യാദ പാലിക്കാത്ത പാക്കിസ്ഥാന് അതേ നാണയത്തില്‍ ചുട്ട മറുപടി നല്കാന് കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച ബിഎസ്എഫിന് അനുമതി നല്‍കിയിരുന്നു.
അതേസമയം നാല് സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പാക് ഭരണകൂടം പ്രതിഷേധം അറിയിച്ചു. ചൊവ്വാഴ്ച നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള ജമ്മു ജില്ലയിലെ പല്ലന്‍വാല മേഖലയിലെ ഇന്ത്യന്‍ പോസ്റ്റിനെ നേരെ പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ അമര്‍ജീത് സിംഗ് എന്ന സൈനികന് പരിക്കേറ്റിരുന്നു.
ഞായറാഴ്ച ജമ്മുവിലെ അതിര്‍ത്തിയായ അര്‍ണിയയിലും കത്വ ജില്ലയിലെ ഹിരാനഗറിലും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. ഈ വര്‍ഷം മാത്രം ഏതാണ്ട് 550 തവണയാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇക്കഴിഞ്ഞ ആഗസ്റ്റ്-ഒക്ടോബറില്‍ പാക്കിസ്ഥാന് നടത്തിയ ആക്രമണങ്ങളില്‍ 13 പേര് കൊല്ലപ്പെടുകയും ആയിരങ്ങള്‍ പാലായനം ചെയ്യുകയും ചെയ്തു.
















