ശ്രീനഗര്‍: ഏതാണ്ട് 50 മുതല്‍ 60 വരെ ഇസ്ലാമിക ഭീകരര്‍ കാശ്മീരിലേക്ക് നുഴഞ്ഞു കയറാന്‍ തയ്യാറായി പാക് അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുകയാണെന്ന് ബിഎസ്എഫ് ഐജി രാകേഷ് ശര്‍മ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തി.
രാജ്യാന്തര അതിര്‍ത്തിയില്‍ പാക്കിസ്ഥാന് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്. ഇത് ബിഎസ്എഫ് ശക്തിയായി പ്രതിരോധിക്കും. അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ കാത്തു നില്ക്കുന്ന ഭീകരര്‍ക്ക് വഴിയൊരുക്കാനാണ് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുന്നത്. നുഴഞ്ഞുകയറ്റം തടയാനായി ബിഎസ്എഫ് എല്ലാവിധ മുന്‍കരുതലുകളും സ്വീകരിച്ചതായും ശര്‍മ പറഞ്ഞു.
പാക്കിസ്ഥാന്റെ ഏകപക്ഷീയ ആക്രമണത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കിയിട്ടുണ്ട്. ഇന്നും തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരിക്കുകയാണ്. എന്നാല്‍ ഇന്ന് ഇതുവരെ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കഴിഞ്ഞ ദിവസം പാക് സൈന്യത്തിന്റെ വെടി വയ്പ്പിനെതിരെ ബിഎസ്എഫ് ശക്തമായി തിരിച്ചടിച്ചിരുന്നു.
അവസാനം നിവൃത്തികെട്ട പാക്കിസ്ഥാന് വെള്ളക്കൊടി ഉയര്‍ത്തി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടു. ബിഎസ്എഫ് ജവാന്മാര് പ്രത്യാക്രമണം നിര്‍ത്തിയ ശേഷമാണ് മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ അവര്‍ക്ക് എടുത്തു മാറ്റാനായത്. ശര്‍മ കൂട്ടിച്ചേര്‍ത്തു.
















