ഇസ്ലാമബാദ്: മുംബൈ ആക്രമണത്തിന്റെ സൂത്രധാരനും പാക്കിസ്ഥാന്‍ പോലീസ് കരുതല്‍ തടങ്കലില്‍ വച്ചിരിക്കുന്നതുമായ ലഷ്‌കര്‍ ഭീകരന്‍ തന്റെ തടങ്കല്‍ ചോദ്യം ചെയ്തത് കോടതിയെ സമീപിച്ചു.
തനിക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്ന വ്യാജ എഫ്‌ഐആര്‍ ചോദ്യം ചെയ്ത് ലഖ് വി ജില്ലാ സെഷന്‍സ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ടെന്ന് അയാളുടെ അഭിഭാഷകന്‍ രാജാ റിസ്വാന്‍ അബ്ബാസി പറഞ്ഞു.
ഈ എഫ്‌ഐആര്‍ പൈശാചിക സ്വഭാവമുള്ളതാണ്. മാത്രമല്ല ഇന്ത്യന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി ലഖ് വിയെ അഴികള്‍ക്കുള്ളിലാക്കാന്‍ പാക് സര്‍ക്കാര്‍ കള്ളത്തരങ്ങള്‍ കൊണ്ട് കെട്ടിച്ചമച്ചതുമാണെന്ന് അഭിഭാഷകന്‍ പറഞ്ഞു.
ചൊവ്വാഴ്ച മോചിപ്പിക്കപ്പെടുന്നതിന് തൊട്ടുമുമ്പാണ് അഫ്ഗാന്‍ പൗരനായ മുഹമ്മദ് അന്‍വര്‍ ഖാന്‍ എന്നയാളെ തട്ടിക്കൊണ്ടുപോയെന്ന കുറ്റത്തിന് ലഖ് വിയെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്യുന്നത്. ആറു വര്‍ഷം മുമ്പ് ലഖ് വി തന്നെ തട്ടിക്കൊണ്ടുപോയെന്ന അന്‍വര്‍ ഖാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റില്‍ നിന്ന് ലഖ് വിയെ രണ്ടുദിവസം തടങ്കലില്‍ സൂക്ഷിക്കാനുള്ള ഉത്തരവും പോലീസ് നേടിയിരുന്നു.
ഡിസംബര്‍ 18ന് മുംബൈ ഭീകരാക്രമണ കേസില്‍ ലഖ് വിക്ക് ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു കേസില്‍ പോലീസ് തടങ്കലിലാക്കുകയായിരുന്നു. ഇതിനെതിരെ കോടതിയെ സമീപിച്ച് ഇയാള്‍ അനുകൂല വിധി സമ്പാദിച്ചെങ്കിലും ഭാരത സര്‍ക്കാരിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പാക് ഭരണകൂടം വീണ്ടും തടങ്കലിലാക്കുകയായിരുന്നു. ഇപ്പോള്‍ ഷാലിമാര്‍ പോലീസ് സ്‌റ്റേഷനില്‍ അതീവ സുരക്ഷയില്‍ തടങ്കലില്‍ കഴിയുന്ന ലഖ് വിയെ വ്യാഴാഴ്ച തട്ടിക്കൊണ്ടു പോകല്‍ കേസില്‍ കോടതിയില്‍ ഹാജരാക്കും. പോലീസ് ലഖ് വിയെ ഒരാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്യണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
















