റോം: ഗ്രീസില്‍ നിന്നും അങ്കോണയിലേയ്‌ക്കുള്ള യാത്രക്കിടെ തീപിടുത്തമുണ്ടായ നോര്‍മന്‍ അറ്റ്‌ലാന്റിക് എന്ന ഇറ്റാലിയന്‍ കപ്പലില്‍ നിന്നും യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുന്നു.
ശക്തമായ കാറ്റും തിരമാലയും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രിമറ്റിയോ റെന്‍സെ പറഞ്ഞു. ഇരുനൂറിലേറെ പേര്‍ ഇനിയും കപ്പലില്‍ കുടുങ്ങിക്കിടക്കുകയാണ്.
രക്ഷപ്പെടുത്തുന്നവരെ ഹെലികോപ്റ്ററില്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിക്കുന്നുണ്ട്. രക്ഷപ്പെടാന്‍ കടലില്‍ ചാടിയ ഒരാള്‍ മരിച്ചു.
ഗ്രീസിലെ പാത്രാസ് തുറമുഖത്തുനിന്ന് ഇറ്റലിയിലെ അങ്കോണ തുറമുഖത്തേക്കു 422 യാത്രക്കാരും 56 ജീവനക്കാരുമടക്കം 478 പേരുമായി പുറപ്പെട്ട കപ്പല്‍ അഡ്രിയാറ്റിക് കടലില്‍ കോര്‍ഫു ദ്വീപിനു സമീപത്തുവച്ചാണ് തീപിടിച്ചത്.
കപ്പലില്‍ ഉണ്ടായിരുന്ന ഇരുനൂറിലേറെ വാഹനങ്ങള്‍ കത്തിനശിച്ചു. തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല.
















