ജെക്കാര്‍ത്ത: 162 യാത്രക്കാരുമായി കാണാതായ മലേഷ്യയുടെ എയര്‍ ഏഷ്യ ജെറ്റ് വിമാനം കടലിന്റെ അടിത്തട്ടില്‍ തകര്‍ന്നു വീണിരിക്കാമെന്ന് സൂചന. ഇന്തോനേഷ്യന്‍ തീരത്തോടടു
ത്തായിരിക്കാം വിമാനം തകര്‍ന്നു വീണിരിക്കുന്നതെന്നും അധികൃതര്‍ ഊഹിക്കുന്നു.
കാണാതായ വിമാനം കണ്ടെത്തുന്നതിന് ഏഷ്യന്‍ രാജ്യങ്ങള്‍ വിമാനങ്ങളും കപ്പലുകളും പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഉയര്‍ന്ന പറക്കാന്‍ വിമാനത്തിന്റെ പൈലറ്റ് അനുമതി തേടിയെങ്കിലും അധികൃതര്‍ അനുവദിച്ചില്ലെന്ന് പരാതിയുണ്ട്. ഇന്തോനേഷ്യയിലെ സരബയാ നഗരത്തില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയിലായിരുന്നു വിമാനം.
എന്നാല്‍ കാണാതാകുന്നതിന് തൊട്ടു മുമ്പു വരെയും വിമാനത്തില്‍ നിന്ന് അപകട സൂചനകളൊന്നും തന്നെ ലഭിച്ചിരുന്നില്ലെന്നും സര്‍ക്കാരും വ്യോമാധികൃതരും പറയുന്നു. ഇന്തോനേഷ്യയ്‌ക്ക് വടക്കുകിഴക്കുള്ള ബങ്ക ദ്വീപിന് സമീപം രണ്ട് സി-130 ഹെര്‍ക്കുലീസ് വിമാനങ്ങള്‍ തിരച്ചില്‍ നടത്തി വരികയാണെന്ന് വ്യോമവക്താവ് ഹദി തജാന്റോ പറഞ്ഞു. ഈ പ്രദേശം ജാവാ കടലില്‍ ഏതാണ്ട് സരബയയ്‌ക്കും സിംഗപ്പൂരിനും മധ്യേ വരുമെന്നാണ് കരുതുന്നത്.
വിമാനം കാണാതാകുന്ന സമയത്ത് ഇവിടെ ശക്തമായ ചുഴലിക്കാറ്റുണ്ടായിരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചിരുന്നു. വിമാനത്തിലുണ്ടായിരുന്നവരില്‍ 155 പേരും ഇന്തോനേഷ്യന്‍ സ്വദേശികളാണ്.
















