ഇസ്ലാമബാദ്: പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയില്‍ അഫ്ഗാന്‍ അതിര്‍ത്തിയില്‍ കുറഞ്ഞത് 20 ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്. അഫ്ഗാന്‍ അതിര്‍ത്തിയിലെ കലുഷിതമായ ചെക്ക്‌പോസ്റ്റ് സ്ഥിതി ചെയ്യുന്ന പ്രദേശം ശനിയാഴ്ച രാവിലെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു.
എന്നാല്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ ഷിന്‍ഡാര, ഖസാന കണ്ടാവ, ഒറാക്‌സായി എന്നിവിടങ്ങളില്‍ കുറഞ്ഞത് 20 ഭീകരര്‍ വധിക്കപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഏറ്റുമുട്ടലില്‍ 20 ഭീകരര്‍ക്ക് പരിക്കേറ്റതായും വാര്‍ത്തയുണ്ട്. സംഘര്‍ഷത്തിനിടെ പരിക്കേറ്റ നാല് സൈനികരെ ചികിത്സയ്‌ക്കായി പെഷവാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വടക്കന്‍ വസീരിസ്ഥാനിലെ ആദിവാസി മേഖലകളില്‍ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 23 ഭീകരരെ വധിച്ചിരുന്നു. ഇതിന്റെ പ്രത്യാഘാതമെന്നോണമാണ് സൈന്യത്തിന്റെ ചെക്ക് പോസ്റ്റ് ശനിയാഴ്ച രാവിലെ ആക്രമിക്കപ്പെട്ടത്.
കൂടാതെ വെള്ളിയാഴ്ച ഭീകര ബന്ധമുണ്ടെന്ന് കരുതുന്ന 100 ലധികം പേരെ സൈന്യം കസ്റ്റഡിയിലെടുത്തിരുന്നു. മാത്രമല്ല അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന പത്തോളം മദ്രസകളെയും സൈന്യം പൂട്ടി സീല്‍ വച്ചു. പാക് താലിബാനും അല്‍ഖ്വയ്ദയ്‌ക്കും സ്വാധീനമുള്ള ഗോത്രവര്‍ഗങ്ങള്‍ താമസിക്കുന്ന പ്രദേശമാണ് ഒറാക്‌സായി.
















