ഈശ്വരാര്‍പ്പണമായി അനുഷ്ഠിക്കുന്ന കര്‍മ്മമാണ് പരമോല്‍കൃഷ്ടമായ ഭാവം ജനിപ്പിക്കുക. ഈശ്വരനോ ഗുരുവിനോ അര്‍പ്പിക്കുന്നതേതും ഏറ്റവും വിശുദ്ധമായിരിക്കണം.
തന്റെ ഇഷ്ടദേവതയ്‌ക്ക് വാടിക്കരിഞ്ഞതോ മണപ്പിച്ചതോ ആയ പൂക്കള്‍ അര്‍പ്പിക്കരുത്. കിളികള്‍ കൊത്തിയ പഴങ്ങള്‍ കാഴ്ചവെക്കാറില്ല.
ഏറ്റവും ഉത്തമമായ ഫലങ്ങളും പുതിയതും പരിമള പൂരിതവുമായ പുഷ്പങ്ങളാണ് അര്‍പ്പിക്കേണ്ടത്. ഹൃദയപൂര്‍ണമായ ഭക്തിഭാവത്തോടെയും സമര്‍പ്പിക്കണം. കര്‍മ്മങ്ങള്‍ മാനസികമായി അര്‍പ്പിക്കുമ്പോള്‍ നിങ്ങളുടെ സകല ശ്രദ്ധയും ഭക്തിയും അതില്‍തന്നെ കേന്ദ്രീകരിക്കും.
ഈവിധത്തില്‍ കര്‍മ്മനിരതനാകുന്നത് ഭക്തിയുടെ ഭാവമാണ്.അര്‍പ്പണ മനോഭാവം നിങ്ങളുടെ കര്‍മ്മങ്ങള്‍ക്ക് പ്രേരകമായി തീരുമ്പോള്‍ സാധനാനുഷ്ഠാത്തിന്റെയും ഇതര വ്യവഹാരങ്ങളുടേതുമായ മണ്ഡലം ഈശ്വരാരാധനാവേദിയായി പരിണമിക്കും. നിങ്ങളുടെ എല്ലാ കര്‍മ്മങ്ങളും ഈശ്വരാരാധനയാകും. ഒരു സന്ദേശമാകും. ഒരു യജ്ഞമാകും. ധര്‍മ്മത്തിന്റെ അഭിവൃഞ്ജനമാകും. ഈശ്വരനുമായി ആശയവിനിമയത്തിനുള്ള ഒരു മാര്‍ഗ്ഗമായിത്തീരും.
അപ്പോള്‍ ഗൃഹം തന്നെ സ്വര്‍ഗ്ഗമായിമാറും. നിങ്ങളുടെ പാചകശാല യജ്ഞശാലയായി രൂപാന്തരപ്പെടും. പാകം ചെയ്യുന്ന ആഹാരമാകട്ടെ ഈശ്വരനുള്ള നൈവേദ്യമായി ഭവിക്കും. ഭര്‍ത്താവും കുട്ടികളും അതിഥികളുമെല്ലാം ഈശ്വരന്റെ സജീവ പ്രതിരൂപങ്ങളായി അനുഭവപ്പെടും. അങ്ങിനെ നിങ്ങളുടെ ജീവിതം ധന്യമായിത്തീരും. നിരുന്മേഷതയുടെ സ്ഥാനത്ത് മനസ്സില്‍ ഹര്‍ഷോന്മേഷം വന്നുചേരും.
സ്വാര്‍ത്ഥത്യാഗം ആഹ്ലാദകരമായിത്തീരും. കഷ്ടതകളും ദുരിതങ്ങളുമെല്ലാം ശുദ്ധീകരണക്ഷമമായ തപസ്സായി മാറും.നിഷ്‌കാമതയാണ് പരമോല്‍കൃഷ്ടാവസ്ഥ. പരിപൂര്‍ണതയുടെ ഒരു ലക്ഷണമാണത്. അത് മുക്താവസ്ഥയുടെ കിരീടം കൂടിയാണെന്നോര്‍ക്കുക. ആഗ്രഹങ്ങള്‍ മനുഷ്യനെ ബന്ധിക്കുന്നു. നിഷ്‌ക്കാമമായ മനസ്സ് ഭൗതിക പ്രലോഭനങ്ങളുടെ മേഖലക്കതീതമാണ്. ഗുണങ്ങളുടെ മണ്ഡലത്തിനും മേലെയാണ്. നിഷ്‌കാമയോഗി ബ്രഹ്മവുമായി താദാത്മ്യത്തില്‍ വര്‍ത്തിക്കുന്നു. ആശാബന്ധത്തില്‍നിന്ന് മോചനം നേടിയവര്‍മാത്രമേ അനശ്വരതയുടെ ലോകത്തില്‍ പ്രവേശിക്കുന്നുള്ളൂ. ആശ ബന്ധനമാണെന്നറിയുക. നിഷ്‌കാമതയാണു മുക്താവസ്ഥ.
– ശ്രീ രമാദേവി
















