ഡിസ്‌ക്കസ് ത്രോയില്‍ കോതമംഗലം മാര്‍ ബസേലിയോസിലെ ആതിര സിയുടെ പ്രകടനം
തിരുവനന്തപുരം: എറണാകുളത്ത് കഴിഞ്ഞ വര്‍ഷം നടന്ന സ്‌കൂള്‍ കായികമേളയിലെ മിന്നുംതാരമായി മാറിയ ആതിരക്ക് റെക്കോര്‍ഡ് തകര്‍ക്കല്‍ വെറും കുട്ടിക്കളി. കഴിഞ്ഞ വര്‍ഷം രണ്ട് റെക്കോര്‍ഡുകള്‍ തകര്‍ത്ത ആതിര ഇന്നലെ തിരുവനന്തപുരത്തെ എല്‍എന്‍സിപിഇ സ്‌റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലും മിന്നുന്ന പ്രകടനം. നിലവിലെ ദേശീയ റെക്കോര്‍ഡിനേക്കാള്‍ മികച്ച സമയത്തില്‍ ഫിനിഷ് ചെയ്താണ് ആതിര ഇന്നലെ കോഴിക്കോട് ജില്ലയുടെ ആദ്യ സ്വര്‍ണ്ണം നേടിയത്. 9 മിനിറ്റ് 58. 51 സെക്കന്റിലാണ് ആതിര 3000 മീറ്ററില്‍ പറന്നെത്തിയത്. നിലവിലെ ദേശീയ റെക്കോര്‍ഡിനേക്കാളും മികച്ച സമയമാണിത്.
ഇനി 1500, 800, ക്രോസ് കണ്‍ട്രി എന്നീ ഇനങ്ങളിലും സ്വര്‍ണ്ണം ലക്ഷ്യമിട്ട് ആതിര ഇറങ്ങുന്നുണ്ട്. 2013-ല്‍ റാഞ്ചിയില്‍ നടന്ന ദേശീയ സ്‌കൂള്‍ മീറ്റില്‍ 1500, 3000 മീറ്ററുകളിലും ഈ മിടുക്കി സ്വര്‍ണ്ണം നേടിയിരുന്നു. മിനീഷിന്റെ കീഴിലാണ് ആതിര പരിശീലനം നടത്തുന്നത്.
കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമായ നെല്ലിപ്പൊയില്‍ ഉമ്മംകോട്ട് കൂലിപ്പണിക്കാരായ രവി-തങ്കമണി ദമ്പതികളുടെ മകളാണ് 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആതിര. സഹോദരന്‍ അനൂപ്. അച്ഛന്‍ കവുങ്ങില്‍ നിന്ന് വീണ് പരിക്കേറ്റ് പണിക്ക് പോകാന്‍ കഴിയാത്തതിനാല്‍ ഏറെ കഷ്ടപ്പാടിലാണ് ആതിരയുടെ കുടുംബം. കൂലിപ്പണിക്ക് പോകുന്ന അമ്മയുടെ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം.
സ്വന്തം വീടെന്ന ആതിരയുടെ സ്വപ്‌നവും സഫലമായിക്കൊണ്ടിരിക്കുകയാണ്. റജി കണിയാന്‍കുന്നേല്‍ എന്ന വ്യക്തി മഞ്ഞുവയല്‍ എന്ന സ്ഥലത്ത് സമ്മാനിച്ച ഏഴ് സെന്റ് ഭൂമിയില്‍ പഞ്ചായത്തിന്റെയും ഊരാമുകള്‍ സൊസൈറ്റിയുടെയും സഹായത്തോടെ നടക്കുന്ന വീടുപണി അവസാനഘട്ടത്തിലാണ്. നേരത്തെ കുന്നിന്‍ ചെരുവില്‍ വഴിപോലുമില്ലാത്ത ഒരു കൂരയിലായിരുന്നു ആതിരയും കുടുംബവും കഴിഞ്ഞിരുന്നത്.
















